ചെങ്ങന്നൂര്‍: കുടംബ പ്രശ്നം പരിഹരിക്കാന്‍ എസ്‌ഐ വിളിച്ചു വരുത്തിയ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പോലീസുകാരെ ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് സസ്‌പെന്റ് ചെയ്തു.
ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ള നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. എഎസ്‌ഐ മുഹമ്മദ്‌സാലി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, പി.സുനില്‍കുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.
ഓട്ടോറിക്ഷാ തൊഴിലാളിയായ ബുധനൂര്‍ കോമിലേഴത്ത് പുത്തന്‍വീട്ടില്‍ സന്തോഷ് (35)നെയാണ് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐ: എം. സുധിലാല്‍ ആണ് വെള്ളിയാഴ്ച പന്ത്രണ്ടുമണിയോടെ സന്തോഷിനെ ചെങ്ങന്നൂര്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
പരാതിക്കാരായ സന്തോഷും ഇയാളുടെ ഭാര്യയും ഭാര്യാമാതവും സന്തോഷിന്റെ പിതാവുമാണ് ചെങ്ങന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്.
സ്റ്റേഷനില്‍ എത്തിയ ഇരുവരോടും എസ്‌ഐ സംസാരിച്ച് ധാരണയാവുകയും തുടര്‍ന്ന് അടുത്തദിവസം രാവിലെ വീണ്ടും എത്തുന്നതിന് നിര്‍ദ്ദേശം നല്‍കി. എസ്‌ഐ പുറത്ത് പോയതോടെ എഎസ്‌ഐ മുഹമ്മദ് സാലിയുടെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷന് ഉള്ളിലെ മുറിയിലേക്ക് സന്തോഷിനെ വിളിച്ചു വരുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
സംഭവത്തില്‍ സന്തോഷ് എസ്‌ഐക്ക് പരാതി നല്‍കി. തുടര്‍ന്ന് ഡിവൈഎസ്പി കെ.ആര്‍ ശിവസുതന്‍പിള്ള സ്റ്റേഷനിലെത്തി സന്തോഷിന്റെ മൊഴിയെടുക്കുകയും, മര്‍ദ്ദിച്ച പോലീസുകാരെ തിരിച്ചറിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേലാണ് ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് ഐപിഎസ് ഇവരെ സസ്‌പെന്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ സന്തോഷ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
















