ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തൃച്ചാറ്റുകുളം ക്ഷേത്രത്തില്‍ ഉപദേശക സമിതിയിലെ പിന്നാക്കസമുദായാംഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് ദേവസ്വം കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ നിയമസഭയുടെ പിന്നാക്കസമുദായക്ഷേമം സംബന്ധിച്ച ചിറ്റയം ഗോപകുമാര്‍ ചെയര്‍മാനായ സമിതി തീരുമാനിച്ചു. ഉപദേശകസമിതിയില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്ന പരാതി പരിഗണിക്കുകയായിരുന്നു സമിതി.
ക്ഷേത്രോപദേശകസമിതിയില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരെക്കൂടിയുള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയും മനുഷ്യവകാശ കമ്മീഷന്റെ നിര്‍ദേശവും പരാതിക്കാരന്‍ നിയമസഭസമിതി മുമ്പാകെ ഹാജരാക്കിയിരുന്നു. കൂടാതെ ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ള കെട്ടിടവും സ്ഥലവും ഒരു വിഭാഗം കയ്യേറിയതായുള്ള പരാതിയില്‍ സ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറോട് സമിതി നിര്‍ദേശിച്ചു.
തച്ചന്‍ വിഭാഗക്കാരെ പിഎസ്‌സിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ഒബിസി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി സമിതി മുമ്പാകെ പരാതി വന്നു. എന്നാല്‍ അത്തരത്തില്‍ ഒബിസി വിഭാഗത്തില്‍ നിന്ന് തച്ചന്‍ സമുദായക്കരെ ഒഴിവാക്കിയിട്ടില്ലെന്നും പരിശോധിച്ച് വെബ്സൈറ്റില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.
















