കൊച്ചി: കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ നടത്തിവരുന്ന വന്‍വികസന പദ്ധതികളുടെ ഭാഗമായി വന്‍കിട ഉപകരണങ്ങളുടെ രണ്ടാം ഘട്ടം നീക്കം അടുത്ത ജൂണ്‍ മുതല്‍ 2019 വരെ നടത്തും. ഇതു സംബന്ധിച്ച് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിവിധ വകുപ്പുകളുടെ യോഗം എഡിഎം സി.കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അങ്കമാലി, മുവാറ്റുപുഴ എംസി റോഡിലൂടെ കരിങ്ങാച്ചിറ, ഇരുമ്പനം വരെയും കൊച്ചി തുറമുഖം- ഇരുമ്പനം വരെയുമുള്ള മാര്‍ഗങ്ങളിലൂടെയുമാണു ഉപകരണങ്ങള്‍ ബിപിസിഎല്‍ എത്തിക്കുന്നത്.
120 വലിയ ഘടകങ്ങളാണ് കൊണ്ടുവരുന്നത്. 54 മീറ്റര്‍ നീളം, 11 മീറ്റര്‍ ഉയരം, 11 മീറ്റര്‍ വീതിയുമുള്ള 650 മെട്രിക് ടണ്‍ വരുന്നതാണ് ഈ ഘടകങ്ങള്‍. ട്രെയിലര്‍ ലോറികളിലാണ് ഇവ കൊണ്ടുപോകുന്നത്. ഞായറാഴ്ചകളിലായിരിക്കും ഉപകരണങ്ങളുടെ നീക്കം.
ഇതിന്റെ ഭാഗമായി വൈദ്യുതി, കേബിള്‍ ലൈനുകള്‍ പലയിടങ്ങളിലും അഴിച്ചുമാറ്റും. ജൂണില്‍ മഴ ആരംഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനു മുമ്പ് ആവശ്യമായ ഘടകങ്ങളുടെ നീക്കം ഉറപ്പുവരുത്തണമെന്ന് എഡിഎം നിര്‍ദേശിച്ചു. പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷം മാത്രമായിരിക്കും നടപടികളെന്ന് ബിപിസിഎല്‍ പ്രതിനിധി ഉറപ്പുനല്‍കി. യോഗത്തില്‍ പൊതുമരാമത്ത്, വൈദ്യുതി ബോര്‍ഡ്, പോലീസ്, ബിഎസ്എന്‍എല്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
















