അങ്കമാലി: അങ്കമാലി -മഞ്ഞപ്ര റോഡില്‍ കിടങ്ങൂര്‍ ഗാന്ധി കവലയില്‍ ബിവറേജ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. കിടങ്ങൂരില്‍ ബിവറേജ് സ്ഥാപിക്കുവാന്‍ ആര് വന്നാലും എതിര്‍ക്കുമെന്ന് ചൂണ്ടികാട്ടി കിടങ്ങൂരില്‍ ജനം ഒത്തു കുടിയിരിക്കുകയാണ്. അങ്കമാലി- തുറവുര്‍ റോഡിനഭിമുഖമായി കിടങ്ങൂരില്‍ ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കിടങ്ങൂര്‍ ഗാന്ധിനഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ടി.പി. ചാക്കോച്ചന്‍ സെക്രട്ടറി കെ.ശ്രീധരമേനോന്‍ എന്നിവര്‍ അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ സമാധാന ജീവിതം നഷ്ടപ്പെടുത്തുന്ന തീരുമാനത്തിനെതിരെ എക്‌സൈസ്, സിവില്‍ സപ്ലൈസ് മന്ത്രിക്കും, ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും പരാതി നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് ഇവിടെ സ്ഥാപിക്കുന്നതിനു വേണ്ടി രഹസ്യമായി ഒത്താശകള്‍ ചെയ്യുന്ന പഞ്ചായത്ത് അധികാരികളുടെ നടപടിയില്‍ പ്രതിക്ഷേധമുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കിടങ്ങൂരില്‍ ചേറ്റുങ്ങല്‍ ഷാജന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണു ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിന് ആലോചന നടക്കുന്നത്.
ഗതാഗതകുരുക്കും അപകടങ്ങളും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വീതി കുറഞ്ഞ അങ്കമാലി മഞ്ഞപ്ര റോഡിനു അഭിമുഖമായി ബിവറേജിന്റെ ഔട്ട്‌ലെറ്റ് വരുന്നതോടെ അപകടങ്ങള്‍ പത്തിരട്ടായി വര്‍ധിക്കുവാന്‍ സാധ്യതയുണ്ട് കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കിടങ്ങൂര്‍ ഉണ്ണിമിശിഹാ പള്ളി, യുദാപുരം പളളി, ശ്രീ കോവാട്ട് അമ്പലം, ശ്രീകൃഷ്ണന്റെ അമ്പലം തുടങ്ങിയ ആരാധന സ്ഥാപനങ്ങളും കിടങ്ങൂര്‍ സെന്റ് ജോസഫ്‌സ് ഹയ്യര്‍ സെക്കന്റഡറി സ്‌കൂള്‍, ശ്രീഭദ്ര എല്‍പി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങളുംഈ പ്രദേശത്തിനുചുറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ദോഷം ചെയ്യുന്ന മദ്യവില്പനശാല കിടങ്ങൂരില്‍ സ്ഥാപിക്കുന്നതിനെതിരെ പഞ്ചായത്ത് ഉപരോധസമരമുള്‍പ്പെടെയുള്ള പ്രതിഷേധങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ ടി.പി.ചാക്കോച്ചനും കെ.ശ്രീധരമേനോനും അറിയിച്ചു.
















