അമ്പലപ്പുഴ: മയക്കുമരുന്നു ലോബിയിലെ കണ്ണിയായ യുവാവിനെ കോടതി റിമാന്റു ചെയ്തു. തോണ്ടന്‍കുളങ്ങര രേഷ്മാനിവാസില്‍ രാഹുലി(26)നെയാണ് മാവേലിക്കര ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തത്. നാലു മില്ലിഗ്രാം വീതമുള്ള രണ്ടു ആംപ്യൂളുമായി കഴിഞ്ഞ ദിവസമാണ് ഇയ്യാളെ ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും അമ്പലപ്പുഴ പോലീസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ഇയ്യാള്‍ക്കൊപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശികളും നിരവധി ക്രിമിനല്‍ കേസ്സിലെ പ്രതികളുമായ മറ്റു രണ്ടു യുവാക്കള്‍ പോലീസിനെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതികളില്‍ ഒരാളിന്റെ ആമയിടയിലുള്ള ബന്ധുവീട്ടിലെത്തിയ യുവാക്കള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. അയല്‍വാസിയായ പഞ്ചായത്തംഗം ഇതു ചോദ്യം ചെയ്തതോടെ ഇവര്‍ വനിതാ പഞ്ചായത്തംഗത്തെ അസഭ്യം പറയുകയും ഇവര്‍ക്കു നേരെ ഭീഷണി മുഴക്കുകയുമായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഘത്തിലെ പ്രധാന കണ്ണി രാഹുല്‍ പിടിയിലായത്. ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലും വീടാക്രമണമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍.
വനിതാ പഞ്ചായത്തംഗത്തെ ഭീഷണിപ്പെടുത്തിയതിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നു പറയപ്പെടുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുകയായിരുന്നു.
















