കണ്ണൂര്‍: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വം ദളിത് വിഭാഗത്തോട് കാണിക്കുന്ന ആത്മീയ അയിത്തം രാഷ്‌ട്രീയ മാടമ്പിത്തത്തേയാണ് കാണിക്കുന്നതെന്ന് ജനാധിപത്യ രാഷ്‌ട്രീയ സഭ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ സികെ.ജാനു പറഞ്ഞു. കണ്ണൂര്‍ അഴീക്കല്‍ ശ്രീ പാമ്പാടി ആലിന്‍ കീഴില്‍ ക്ഷേത്രത്തിലെ തിരുവായുധം എഴുന്നെളളിപ്പുമായി ബന്ധപ്പെട്ട് സിപിഎം നിയന്ത്രണത്തിലുളള ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി അയിത്തം നിലനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ കലക്‌ട്രേറ്റിനു മുന്നില്‍ ജനാധിപത്യ രാഷ്‌ട്രീയസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍കുമാര്‍ ആരംഭിച്ച 72 മണിക്കൂര്‍ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വിശ്വാസത്തിനുപോലും അയിത്തം കല്‍പ്പിക്കുന്ന നടപടി ആധുനിക സമൂഹത്തിന് അപമാനമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് മുന്നില്‍ കേരളീയനാണെന്ന് പറയാനാവാതെ തലകുനിക്കേണ്ട സ്ഥിതിയാണ്. ഒരു ഭാഗത്ത് ദളിതരെ പരമാവധി പ്രയോജനപ്പെടുത്തുകയും മറുഭാഗത്ത് ദളിത് വിഭാഗങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പ് സമൂഹം തിരിച്ചറിയണമെന്നും കേരളം മുഴുവന്‍ ജാതിയില്ലെന്ന് പറഞ്ഞ് പ്രസംഗിച്ച് നടന്ന സിപിഎം ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യത്തിലെ അയിത്താചരണത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും ഇവര്‍ പറഞ്ഞു. ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കാന്‍ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും ജനാധിപത്യ രാഷ്‌ട്രീയസഭ ഇതിനായി മുന്നിട്ടിറങ്ങുമെന്നും ഇവര്‍ പറഞ്ഞു. പ്രസീത അഴീക്കോട് അധ്യക്ഷത വഹിച്ചു.
















