അമ്പായത്തോട്: ‘ഞങ്ങളും നിങ്ങളെ പോലെ ഈ ഭൂമിയില്‍ ജനിച്ചവരാണ്. ഞങ്ങള്‍ക്കും ജീവിക്കണം. ഞങ്ങളെ സേവിക്കാനാണ് സാര്‍ നിങ്ങള്‍ക്ക് ശമ്പളം തരുന്നത്. അമ്പായത്തോട്ടില്‍ കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട ഗോപാലന്റെ മൃതദേഹവുമായി പോകുന്ന ആംബുലന്‍സും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വാഹനവും തടഞ്ഞുവെച്ച് പ്രദേശത്തെ ജനങ്ങള്‍ പറഞ്ഞ വാക്കുകളാണിത്.
അമ്പായത്തോട് മേഖലയില്‍ ജനവാസ കേന്ദ്രത്തില്‍ കാട്ടാനകളിറങ്ങുന്നത് ഇത് ആദ്യമായല്ല. മിക്ക ദിവസങ്ങളിലും ഈ പ്രദേശത്തുകാര്‍ കാട്ടാനയുടെ അക്രമങ്ങള്‍ക്ക് ഇരയാകുന്നഅവസ്ഥയാണ്. ഇവിടെ വന്യമൃഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ തെല്ലൊരാശ്വാസം വൈദ്യുതി ഫെന്‍സിങ് ലൈനാണ്. മൂന്ന് ദിവസങ്ങളിലായി തുടരുന്ന കാട്ടാനയാക്രമണത്തില്‍ ഈ മേഖലയില്‍ പലയിടങ്ങളിലായി ഫെന്‍സിങ് ലൈനുകള്‍ വിച്ഛേദിക്കപ്പെട്ട നിലയിലാണ്.കാട്ടാനകള്‍ മരങ്ങളും വാഴകളും മറ്റും ഫെന്‍സിങ് ലൈനിനു മുകളിലിട്ടാണ് ജനവാസ കേന്ദ്രത്തിലിറങ്ങുന്നത്.
പൊട്ടിയ ഫെന്‍സിങ് ലൈന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ വിളിച്ചിരുന്നു.ഇപ്പോള്‍ വരാമെന്ന മറുപടിയല്ലാതെ ഗോപാലന്‍ കൊല്ലപ്പെടുംവരെ ഒരു വനം വകുപ്പ് ഉേദ്യാഗസ്ഥനും എത്തിയില്ല. ഗോപാലന്‍ കൊല്ലപ്പെടുന്നതിന്റെ രണ്ട് മണിക്കൂര്‍ മുമ്പ് വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോള്‍ ഇതേ മറുപടി തന്നെയാണ് ഉണ്ടായതെന്ന് പ്രദേശവാസി സുനില്‍ മലങ്കോട്ടക്കല്‍ പറഞ്ഞു.
ഇതേ തുടര്‍ന്നാണ് ഗോപാലന്റെ മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സും വനം വകുപ്പ് ഉദ്യാഗസ്ഥര്‍ സഞ്ചരിച്ച വാഹനവും പ്രദേശവാസികള്‍ തടഞ്ഞ് വെച്ചത്.ആദ്യം ആംബുലന്‍സ് കടത്തിവിട്ടെങ്കിലും വനംവകുപ്പ് ഉേദ്യാഗസ്ഥരെ പോകാനനുവദിക്കാതെ തടഞ്ഞ്‌വെയ്‌ക്കുകയായിരുന്നു. ഒടുവില്‍ പേരാവൂര്‍ സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജനങ്ങളുമായി സംസാരിച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്.
















