കണ്ണൂര്‍: അന്തരിച്ച മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി. ജന്മനാടായ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഒദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടന്നത്. മയ്യിത്ത് നമസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. വന്‍ ജനാവലിയാണ് അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കണ്ണൂരിലെത്തിയത്.
ഇ. അഹമ്മദിനോടുള്ള ആദരസൂചകമായി കണ്ണൂരിലും മാഹിയിലും ഇന്നു സര്‍വകക്ഷി ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടു നിന്ന് കണ്ണൂര്‍ താണയിലെ വസതിയിലെത്തിച്ച മൃതദേഹം കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിലും സിറ്റി ദീനുല്‍ ഇസ്‌ലാം സഭ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു.
ചൊവ്വാഴ്ച രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ അഹമ്മദിനെ ആര്‍എംഎല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച പുലര്‍ച്ചെ 2.15-നാണ് മരണം സ്ഥിരീകരിച്ചത്.
















