തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി വാവയുടെ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടയില്‍ ഗുരുതര പരിക്കേറ്റ വാവയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു.
ലോ അക്കാദമിയിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ പ്രകോപനമില്ലാതെയാണ് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡുകളും ടിയര്‍ഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചത്. വാവയെ കൂടാതെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകര്‍ക്കു നേരെയും പോലീസ് അക്രമം അഴിച്ചുവിട്ടു.
പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡിസിപി അരുള്‍ ബി.കൃഷ്ണ എന്നിവര്‍ എത്തി സമരപന്തലിന് സമീപത്ത് നിന്നും പോലീസിനെ പിന്‍വലിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ ഇരുപതോളം പ്രവര്‍ത്തകര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
















