തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തി മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി കെ.മുരളീധരന്‍ എംഎല്‍എ ലോ അക്കാദമിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ നടത്തി വന്ന അനിശ്ചിതകാല ഉപവാസം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് നിരാഹാര സമരം തുടങ്ങിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം ജില്ലാ കളക്ടര്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ രാജി വയ്‌ക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
ജില്ലാ കളക്ടര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചതിനെ വിദ്യാര്‍ത്ഥികള്‍ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ കൃത്യമായ ഒരു ഉറപ്പ് മാനേജുമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐയുമായി ഉണ്ടാക്കിയെന്ന് പറയുന്ന ധാരണയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരു വിശ്വാസവും ഇല്ല.
















