കോട്ടയം : ഗാന്ധിനഗറിലെ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ ഇരുപത്തൊന്നുകാരിയെ ചുട്ടു കൊന്നത് കാമുകനായിരുന്ന ആദർശ് എന്ന യുവാവ്. ആറു മാസം മുമ്പു വരെ ഇരുവരും പ്രണയത്തിലായിരുന്നെന്നും പിന്നീട് ബന്ധം അവസാനിപ്പനിപ്പിക്കുകയായിരുന്നു. പിന്നീടും ആദർശ് ലക്ഷ്മിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സഹപാഠികൾ പറയുന്നു. പിന്നീട് ലക്ഷ്മിയോട് തോന്നിയ പകയാണ് കൊലപാതകത്തിലും ആദർശിൻറെ ആത്മഹത്യയിലും കലാശിച്ചതെന്നുമാണു സഹപാഠികൾ പറയുന്നത്.
ബന്ധം അവസാനിച്ചശേഷം ആദർശ് പല തവണ ലക്ഷ്മിയുടെ വീട്ടിൽ പോയി ശല്യപ്പെടുത്തിയിരുന്നു. വീട്ടിലെത്തി വിവാഹാഭ്യർഥന നടത്തുകയും അത് ലക്ഷ്മിയുടെ മാതാപിതാക്കൾ എതിർത്തിരുന്നു. ആദർശുമായുള്ള ബന്ധത്തോട് ലക്ഷ്മിയുടെ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല.
രണ്ടു വർഷത്തോളം പ്രണയത്തിലായിരുന്ന ലക്ഷ്മി വീട്ടുകാരുടെ ആവശ്യം മാനിച്ച് ബന്ധത്തിൽനിന്നു പിൻമാറുകയായിരുന്നു. താൻ എന്തുകൊണ്ടാണ് ബന്ധത്തിൽനിന്നു പിൻമാറുന്നതെന്ന് ആദർശിനെ ലക്ഷ്മി ബോധ്യപ്പെടുത്തിയിരുന്നു. പിന്നീട് ആദർശ് പലപ്പോഴും എസ്എംഇയിൽ വന്നിരുന്നെങ്കിലും ലക്ഷ്മിയുടെ സഹപാഠികൾ വിരട്ടിയോടിക്കുകയായിരുന്നു. ഇനി എസ്എംഇയിൽ വന്നു ലക്ഷ്മിയെ ശല്യം ചെയ്യരുതെന്ന് താക്കീത് നൽകിയരുന്നതായി സഹപാഠികൾ പറയുന്നു.
പിന്നീട് ഇന്നലെ ഉച്ചയ്‌ക്കാണ് ആദർശ് വീണ്ടും എസ്എംഇയിൽ എത്തുന്നത്. കൂട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ലക്ഷ്മിയോട് തനിക്കു കുറച്ചുകാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും തനിച്ചു വരണമെന്നും പറഞ്ഞപ്പോൾ ലക്ഷ്മി കൂട്ടാക്കിയില്ല. എല്ലാവർക്കും കേൾക്കാനുള്ളതു വല്ലതുമുണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. അൽപനേരം കാത്തുനിന്നെങ്കിലും ലക്ഷ്മി വരില്ലെന്നുറപ്പാക്കിയ ആദർശ് പുറത്തുപോയി തിരികെ കാമ്പസിൽ എത്തിയത് പെട്രോൾ കന്നാസുമായിട്ടായിരുന്നു. വന്നപാടെ ലക്ഷ്മിയുടെ അടുത്തേക്ക് ഓടിയെത്തി തലയിലൂടെ പെട്രോൾ ഒഴിച്ചു.
പാതിയോളം പെട്രോൾ ലക്ഷ്മിയുടെ തലയിലൂടെ ഒഴിച്ചശേഷം സ്വന്തം തലയിലൂടെയും ഒഴിക്കുകയായിരുന്നു. മുറിയിൽ മേശയുടെ ചുറ്റും ഓടി ലക്ഷ്മി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലൂം ആദർശ് ഓടിച്ചിട്ടു പിടിച്ചു തീ കൊളുത്തി. ദേഹത്ത് തീ പടർന്ന നിലയിൽ ഇരുവരും ലൈബ്രറിക്കുള്ളിലൂടെ പാഞ്ഞു നടക്കുകയും ഒടുവിൽ ലക്ഷ്മി ലൈബ്രറിക്ക് മുമ്പിലും ആദർശ് ലൈബ്രറിക്കുള്ളിലും കത്തിക്കരിഞ്ഞു വീണു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരണത്തിന് കീഴടങ്ങി.
















