കൊച്ചി: ശങ്കര്‍ റെഡ്ഢിയെ ഡിജിപിയാക്കിയതില്‍ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റം നിലനില്‍ക്കുമോയെന്ന് രണ്ടാഴ്ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി വിജിലന്‍സിനോടു നിര്‍ദ്ദേശിച്ചു.
ശങ്കര്‍ റെഡ്ഢിക്ക് പ്രൊമോഷന്‍ നല്‍കിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കോടതിയുത്തരവിനെത്തുടര്‍ന്നുള്ള പ്രാഥമികാന്വേഷണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
പോലീസ് ഉദ്യോഗസ്ഥനു പ്രൊമോഷന്‍ നല്‍കിയതു മാത്രമാണോ പരാതി, ഇതില്‍ എന്തു കുറ്റമാണുള്ളത്, എന്താണ് വിജിലന്‍സ് അന്വേഷിക്കുന്നത് എന്നിവ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കണം. ശങ്കര്‍ റെഡ്ഢിക്ക് പുറമേ മറ്റു ചിലര്‍ക്കും പ്രൊമോഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇതു മറച്ചുവെച്ചാണ് പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതു ശരിയെങ്കില്‍ സംശയത്തിന് വകയുണ്ട്.
സത്യസന്ധമായ പരാതികളും രാഷ്‌ട്രീയ – വ്യക്തി നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള പരാതികളും തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയണം. പൊലീസ് ഉദ്യോഗസ്ഥന് പ്രൊമോഷന്‍ നല്‍കുന്നതു അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമോയെന്ന് പരിശോധിക്കണം.
പ്രാഥമികാന്വേഷണം സ്റ്റേ ചെയ്യുന്നില്ല. എന്നാല്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലാതെ വിജിലസ് അന്വേഷിക്കണം-കോടതി വ്യക്തമാക്കി.
















