കണ്ണൂര്‍: പാര്‍ലമെന്റംഗം ഇ അഹമ്മദ് മരിച്ച ദിവസം ബജറ്റ് അവതരിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നയം അനുചിതമായെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിനെ വിമര്‍ശിച്ച് മുന്‍ എംഎല്‍എയും പ്രമുഖ സിപിഎം നേതാവുമായിരുന്ന പരേതനായ ഒ.ഭരതന്റെ മകന്‍ സുചേത്ഭരതന്‍ രംഗത്തെത്തി.
ഔചിത്യം പഠിപ്പിക്കാന്‍ പരമ യോഗ്യതയുള്ള വ്യക്തിയാണ് താങ്കള്‍. കണ്ണൂരില്‍ താങ്കളുടെ കൂടെ ഒരുപാട് കാലം പ്രവര്‍ത്തിച്ച സഖാവാണ് എന്റെ അച്ഛന്‍ ഒ.ഭരതന്‍. ഓര്‍ക്കുന്നുണ്ടാകും അടിയന്തരാവസ്ഥയില്‍ താങ്കളുടെ കൂടെ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. താങ്കള്‍ക്ക് കിട്ടിയത് പോലെ തല്ല് കിട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസ് എം.വി.രാഘവന്‍ കൈയ്യടക്കിയപ്പോള്‍ താങ്കളും, ചടയന്‍ സഖാവും, കോടിയേരി ബാലകൃഷ്ണനും ഒ.ഭരതന്റെ വീട്ടില്‍ വെച്ചായിരുന്നു പ്രവര്‍ത്തനം. എന്നിട്ടും ഭരതന്‍ മരണപ്പെട്ടപ്പോള്‍ താങ്കളുടെ ഭാഗത്ത് നിന്ന് എന്ത് അനുശോചനമാണ് ഉണ്ടായത്.
ഇന്നിപ്പോള്‍ 17 വര്‍ഷമാകാന്‍ പോകുന്നു മരണപ്പെട്ടിട്ട്. ഒന്ന് വരികയോ, വിളിക്കുകയോ ചെയ്‌തോ ഇന്ന് വരെ? അങ്ങനെയുള്ള താങ്കള്‍ തന്നെ പഠിപ്പിക്കണം ഔചിത്യം. ഞങ്ങള്‍ അത് കണ്ട് വളരട്ടെ ലാല്‍ സലാം എന്നാണ് ഫേയ്‌സ് ബുക്കില്‍ പിണറായിയുടെ പോസ്റ്റിന് കമന്റ് ഇട്ടിരിക്കുന്നത്.
















