തിരുവനന്തപുരം: സിപിഎമ്മിനോട് അടുത്ത് നില്‍കുന്നവര്‍ക്ക് എന്ത് നിയമ ലംഘനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തിലെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്. ലോ അക്കാദമിയിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലിപ്പോള്‍ രണ്ട് നീതിയാണ് നടപ്പിലാക്കുന്നത്. സമാധാനപരമായി മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ തല്ലിച്ചതച്ചും കേസെടുത്തും ജയിലിലടയ്‌ക്കാന്‍ കാണിച്ച ആര്‍ജ്ജവം ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാനും പോലീസ് കാണിക്കണം. വിദ്യാര്‍ത്ഥികളെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതെന്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പിണറായിയുടെയും കോടിയേരിയുടേയും നിര്‍ദ്ദേശ പ്രകാരം എസ്എഫ്‌ഐ സമരത്തെ ഒറ്റുകൊടുത്തപോലെ പോലീസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പോലീസിന്റെ ഭാവി ശോഭനമായിരിക്കില്ല. സിപിഎമ്മിന്റെ നെട്ടൂരവുംവാങ്ങി സമരത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്താന്‍ പോലീസ് ശ്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍കില്ലെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ വി.വി.രാജേഷ്, സി.ശിവന്‍കുട്ടി, സംസ്ഥാന വക്താവ് പി.രഘുനാഥ്, മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷ്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ഡാനി.ജെ.പോള്‍, എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാംരാജ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പോരാട്ടം അവസാനിക്കില്ല:വി. മുരളീധരന്‍
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ രാജി വച്ചാലും പോരാട്ടം അവസാനിക്കില്ലെന്ന് വി.മുരളീധരന്‍. പോലീസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രകടനത്തെ അഭിസംബോധനചെയത് സംസാരിക്കുകയായിരുന്നു വി.മുരളീധരന്‍.
ഇവിടെ നടക്കുന്നത് രാഷ്‌ട്രീയ സമരമല്ല. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ പിന്തുണയുമായാണ് ബിജെപി എത്തിയത്. ഇനി പ്രിന്‍സിപ്പലിന്റെ രാജി കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കില്ല. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുക, നോട്ട് നിരോധന സമയത്ത് ബാങ്കില്‍ നിക്ഷേപിച്ച രണ്ട് കോടിയെകുറിച്ചും ട്രസ്റ്റിന്റെ നിലവിലെ നടപടികളെ കുറിച്ചും അന്വഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരവുമായി മുന്നോട്ടുപോകും.
വിദ്യാര്‍ത്ഥി സമരത്തെ മുന്നില്‍ നിന്ന് നയിക്കുന്ന ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികളെ അക്രമം കാട്ടി ഭീഷണിപ്പെടുത്തി സമരത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാമെന്നത് സിപിഎമ്മിന്റെയും പോലീസിന്റെയും വ്യാമോഹം മാത്രമാണ്. സമരത്തിനുള്ളില്‍ നുഴഞ്ഞ് കയറിയ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ഇപ്പോള്‍ ബിജെപി നയിക്കുന്നത് ഗാന്ധിജിയുടെ സമാധാന സമരമാണ്. സമാധാന സമരത്തിലേ ബിജെപി ഉറച്ച് നില്‍ക്കുകയുള്ളൂവെന്ന് പോലീസ് കരുതരുതെന്നും വി.മുരളീധരന്‍ പറഞ്ഞു
















