കണ്ണൂര്‍: കെട്ടിടങ്ങളുടെയും മറ്റും നാശനഷ്ടം പരമാവധി ഒഴിവാക്കി കൊണ്ടുള്ള പാപ്പിനിശ്ശേരി ബൈപാസ് നിര്‍മാണത്തിനായുള്ള രൂപരേഖ എന്‍എച്ച്എഐ അധികൃതര്‍ അന്യായമായി എതിര്‍ക്കുകയാണെന്നും ചെറിയൊരു വിഭാഗം വ്യാപാരികളുടെ വ്യക്തിതാല്‍പര്യത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ദേശീയപാത അധികാരികളുടെ നിലപാട് ദുരൂഹതയുളവാക്കുന്നതാണെന്നും പാപ്പിനിശ്ശേരി ബൈപാസ് കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കര്‍മസമിതി ആറിന് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. കല്ല്യാശ്ശേരി-വയക്കരപാലം മുതല്‍ തുരുത്തിപാലം വരെയുള്ള ബൈപാസിലെ അഴിമതി പരിശോധിക്കാന്‍ വിജിലന്‍സില്‍ പരാതി നല്‍കാനും സമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. കലക്ടറുടെ സാന്നിധ്യത്തില്‍ അംഗീകരിച്ച രൂപരേഖ ദേശീയപാത അധികൃതര്‍ സര്‍വ്വെ നടത്തുകയോ പ്ലാനും സ്‌കെച്ചും തയ്യാറാക്കുകയോ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ നാട്ടുകാര്‍ ഒന്നടങ്കം ആശങ്കയിലാണ്. കലക്ടറും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും ബൈപാസിലെ ക്രമക്കേട് അന്വേഷിക്കണമെന്നും കര്‍മസമിതി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ.കൃഷ്ണന്‍ വണ്ണാരത്ത്, ഡോ.കെ.ജി.രാജേഷ്, ബാബു മനോഹര്‍, നാരായണി, രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
















