കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികളെ പരീക്ഷാ വിഭാഗം ബോധപൂര്‍വ്വം പരാജയപ്പെടുത്തിയെന്നാരോപിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ നടന്ന സമരം വിജയം കണ്ടു. നാല് സെമസ്റ്ററിലും മറ്റെല്ലാ വിഷയങ്ങളിലും ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ ഒരു പേപ്പറില്‍ മാത്രം കുറഞ്ഞ മാര്‍ക്ക് നല്‍കി പരാജയപ്പെടുത്തിയതാണ് വിവാദമായത്. കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള ചിന്‍മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് നാലാം സെമസ്റ്ററില്‍ തോല്‍പിച്ചത്. ഇത് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സിലര്‍ക്കും പരീക്ഷാ കണ്‍ട്രോളര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ബിരുദാനന്തരബിരുദ പരീക്ഷാ പേപ്പറുകള്‍ക്ക് ഡബിള്‍ വാല്വേഷനായതിനാല്‍ റിവാല്വേഷന്‍ സാധ്യമല്ലെന്നതാണ് യൂനിവേഴ്‌സിറ്റി അധികൃതരുടെ നിലപാട്. അടുത്ത വര്‍ഷം മുതല്‍ സിംഗിള്‍ വാല്വേഷന്‍ സംവിധാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ ഉപരോധിക്കുന്നതുള്‍പ്പടെ ശക്തമായ സമരപരിപാടികളുമായി എബിവിപി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കനുകലമായ തീരുമാനമുണ്ടായത്. ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ സിംഗിള്‍ വാല്വേഷന്‍ സിസ്റ്റം നടപ്പിലാക്കാനാണ് തത്വത്തില്‍ തീരുമാനമായിട്ടുള്ളത്. നിലവിലെ പരാതി പരിഹരിക്കാന്‍ കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നുള്ള വിദഗ്ദരെ കൊണ്ട് മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പരിക്ഷാ പേപ്പറുകള്‍ പരിശോധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
















