ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പിടികൂടിയത് 96 കോടി രൂപയും 4700 കിലോ മയക്കുമരുന്നും 14.27 ലക്ഷം ലിറ്റര്‍ മദ്യവും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരും എക്‌സൈസും പോലീസും നടത്തിയ തെരച്ചിലിലാണ് ഇവ പിടികൂടിയത്.
തെരഞ്ഞെടുപ്പിന് ചിലവഴിക്കാന്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന പണം ഏറ്റവും കൂടുതല്‍ പിടികൂടിയത് ഉത്തര്‍പ്രദേശില്‍ നിന്നാണ്. യുപിയില്‍ നിന്ന് 87.67 കോടി രൂപയും പഞ്ചാബില്‍ നിന്ന് 6.60 കോടിയും ഗോവയില്‍ നിന്ന് 1.27 കോടിയും ഉത്തരാഖണ്ഡില്‍ നിന്ന് 47.06 ലക്ഷവും മണിപ്പൂരില്‍ നിന്ന് 8.13 ലക്ഷവും പിടികൂടി.
ഈ സംസ്ഥാനങ്ങളില്‍ നിന്ന് 25.22 കോടി രൂപ വിലമതിക്കുന്ന 14.27 ലക്ഷം ലിറ്റര്‍ മദ്യമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പോലീസ്, എക്‌സൈസ് സംഘങ്ങള്‍ പിടിച്ചെടുത്തത്. യുപിയില്‍ നിന്ന് 20.62 കോടി രൂപ വിലമതിക്കുന്ന 8.01 ലിറ്റര്‍ സ്പിരിറ്റും പഞ്ചാബില്‍ നിന്ന് 2.69 കോടിയുടെ 5 ലക്ഷം ലിറ്ററും ഉത്തരാഖണ്ഡില്‍ നിന്ന് 93.91 ലക്ഷം രൂപയുടെ 36000 ലിറ്ററും ഗോവയില്‍ നിന്ന് 71000 ലിറ്ററും 15.14 ലക്ഷത്തിന്റെ ബീയറും മറ്റ് മദ്യങ്ങളുമാണ് പിടികൂടിയത്.
പഞ്ചാബില്‍ നിന്ന് 19.83 കോടി വിലമതിക്കുന്ന 2632 കിലോ മയക്ക്മരുന്നും യുപിയില്‍ നിന്ന് 4.89 കോടി വിലമതിക്കുന്ന 2035 കിലോയും മണിപ്പൂരില്‍ നിന്ന് 2 കോടിയുടെ 6.85 കിലോയും ഗോവയില്‍ നിന്ന് 34.22 ലക്ഷത്തിന്റെയും ഉത്തരാഖണ്ഡില്‍ നിന്ന് 28.54 ലക്ഷത്തിന്റെയും മയക്കുമരുന്നുമാണ് പോലീസും ആന്റി നാര്‍ക്കോട്ടിക് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
കള്ളപ്പണം മയക്ക്മരുന്ന് മറ്റ് നിയമവിരുദ്ധ സാധനങ്ങള്‍ കണ്ടെത്തുന്നതിനായി 200 നിരീക്ഷകരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളത്. ഫെബ്രുവരി 4മുതല്‍ മാര്‍ച്ച് 8 വരെയാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
















