ബംഗളൂരു: കര്‍ണാടകത്തിന്റെ പരമ്പരാഗത മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ നടക്കുന്ന പ്രതിഷേധം ശക്തം. മംഗളുരുവിലെ മൂടബിദ്രിയില്‍ ഇന്ന് നടന്ന പ്രതിഷേധ റാലിയില്‍ ആയിരകണക്കിന് പേര് പങ്കെടുത്തു.
മൂടബിദ്രിയിലെ സ്വരാജ് മൈതാനിയില്‍ നിന്ന് ഇന്ന് രാവിലെ ആരംഭിച്ച റാലി അലങ്കാര്‍ കടല്ക്കരയിലെ കമ്പള മൈതാനിയില്‍ സമാപിച്ചു. തുളു സിനിമാ നടന്മാരും വിദ്യാര്‍ഥികളും റാലിയില്‍ അണിനിരന്നു. ഇതിനിടെ നിരോധനം റദ്ദാക്കി കംബളയ്ക്ക് നിയമത്തിന്റെ പിന്ബലമേകാന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കര്‍ണാട സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്.
കംബളയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നും നിരോധനത്തിനിടയാക്കിയ പെറ്റ എന്ന സംഘടനയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കംബള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രാദേശിക സമിതികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഈ മാസം മുപ്പതിന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഷേധം.
കോടതിയുടെ നിലപാട് ഇക്കാര്യത്തില്‍ അനുകൂലമല്ലെങ്കില്‍ വിലക്ക് മറികടക്കുന്നതിനായി തമിഴ്നാട് മാതൃകയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നത്. അടുത്തമാസം ആറിന് തുടങ്ങാനിരിക്കുന്ന നിയമസഭ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ ചര്‍ച്ച നടത്തിയ ശേഷം ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
കേരളത്തിലെ കാളയോട്ടമത്സരത്തിന് സമാനമായ രീതിയിലാണ് കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍ കംബള സംഘടിപ്പിച്ചിരുന്നത്. കാളയോട്ടത്തിന് സമാനമായി ഉഴുതുമറിച്ച വയലിലൂടെ എരുമകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബള.
മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കംബള നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ പെറ്റ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി തീര്‍പ്പാകുന്നതുവരെ കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്ത് കംബളയ്ക്ക് ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: