കണ്ണൂര്‍: 68-ാ മത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ജില്ലയിലെ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ചവര്ക്കുളള ജില്ലാ കളക്ടറുടെ മെഡല്‍, കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ രജിസ്്ട്രി വിഭാഗം മേധാവി ഡോ.സൈന സുനില്‍ കുമാറിന് ലഭിച്ചത് അര്‍ഹതയ്ക്കുളള അംഗീകാരമായി. ഈ അവാര്‍ഡ് കാന്‍സര്‍ രജിസ്ട്രി വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരുടേയും പ്രയത്നത്തിനുളള അംഗീകാരമാണെന്ന് ഡോ.സൈന സുനില്‍ കുമാര്‍ പറഞ്ഞു. അര്‍ബുദ രോഗികളുടെ രോഗ വിവരങ്ങള്‍ ശേഖരിച്ച് അപഗ്രഥിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുകയും ഗവേഷണത്തിനും നയ രൂപീകരണത്തിനും ഉപയോഗ പ്രദമാക്കുകയും ചെയ്യുന്ന സംവിധാനമാണ് ഇത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് രജിസ്ട്രി പ്രവര്‍ത്തിക്കുന്നത്. രണ്ടുതരത്തിലുളള അര്‍ബുദ രജിസ്ട്രികളാണ് നിലവിലുളളത്. ആശുപത്രിയിലെത്തുന്ന രോഗികളുടേയും അവര്‍ സ്വീകരിക്കുന്ന ചികിത്സാ രീതികളുടേയും വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കുന്ന ആശുപത്രി അധിഷ്ഠിത രജിസ്ട്രി ഒരു പ്രത്യേക ഭൂപ്രദേശത്തെ അര്‍ബുദ രോഗികളുടെ രോഗ വിവരങ്ങള്‍ ശേഖരിച്ച് അപഗ്രഥനം നടത്തി തയ്യാറാക്കുന്ന ജനസംഖ്യാധിഷ്ഠിത അര്‍ബുദ രജിസ്ട്രി ആണ് രണ്ടാമത്തേത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ.ബി.സതീശന്റെ മേല്‍നോട്ടത്തില്‍ 2010 ല്‍ ഡോ.സൈനയുടെ നേതൃത്വത്തില്‍ ആശുപത്രി അധിഷ്ഠിത രജിസ്ട്രി തുടങ്ങിയത്. രജിസ്ട്രിയുടെ പ്രവര്‍ത്തനത്തിന് ആവശ്യത്തിനുളള ജീവനക്കാര്‍ ഇല്ലാതിരുന്നിട്ടുപോലും ഡോ.സൈന ഈ പദ്ധതി നിശ്ചയ ദാര്‍ഢ്യത്തോടെ ഏറ്റെടുക്കുകയായിരുന്നുവെന്ന് മലബാര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി. സതീശന് അറിയിച്ചു. ഡോ.സൈന ഉള്‍പ്പെടെ രണ്ടു ജീവനക്കാരുമായി തുടങ്ങിയ രജിസ്ട്രി ഇതിനോടകം തന്നെ നാല് വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും അഞ്ചാമത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനുളള അവസാന മിനുക്കുപണികളിലുമാണ്. ചെറിയ ഒരു ടീമിനെക്കൊണ്ട് മികച്ച റിസല്‍ട്ട് ഉണ്ടാക്കിയെടുത്ത ഡോ.സൈനയുടെ പ്രവര്‍ത്തന മികവ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായുളള നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാമിന്റെ പ്രശംസയ്ക്ക് പാത്രമായി.
കുടാതെ എം.സി.സിയിലെ സ്തനാര്‍ബുദ രോഗവിമുക്തരുടെ സംഘടനയായ തേജസ്സിന്റെ കണ്‍വീനറായും എം.സി.സി പേഷ്യന്റ് വെല്‍ഫെയര്‍ ഫണ്ടിന്റെ കണ്‍വീനറായും ഡോ.സൈന സുനില്‍ കുമാര്‍ പ്രവര്‍ത്തിക്കുന്നു. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ഡോ.സൈന സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്തനാര്ബുദത്തെക്കുറിച്ചുളള ഒരു മലയാളം പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: