കണ്ണൂര്‍: പാനൂര്‍ ആശുപത്രി സ്ഥലം കയ്യേറിയ പള്ളിക്കമ്മറ്റിക്കെതിരെ ജനകീയവേദി ജില്ലാകമ്മറ്റി സമരപരിപാടിയുമായി രംഗത്ത്. പാനൂര്‍ ആശുപത്രി സ്ഥലം പള്ളികമ്മറ്റിയില്‍ നിന്ന് തിരിച്ചെടുത്ത് സര്‍ക്കാര്‍ അധീനതയിലാക്കുക, കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിസ്വീകരിക്കുക, അഴിമതിയില്‍ മുങ്ങിക്കുളിച്ച താലൂക്കാശുപത്രി ധനസമാഹരണ കമ്മറ്റിക്കെതിരെ നടപടികള്‍ സ്വീകരിക്കുക, നരിക്കോട്ടുമലയുടെ സംരക്ഷണത്തിനായി ചെക്ക് പോസ്റ്റ് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനകീയ വേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണാസമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിബ്രവരി ഒന്നിന് രാവിലെ 10 ന് കലകട്രേറ്റ് പടിക്കല്‍ നടത്തുന്ന ധര്‍ണ ജനകീയ കലാ സാഹിത്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം.പി.പ്രകാശന് അധ്യക്ഷത വഹിക്കും. ആശുപത്രി സ്ഥലം കയ്യേറിയ പാനൂര്‍ പള്ളിക്കമ്മറ്റിക്കെതിരെ തലശേരി മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുകയാണ്. യുണൈറ്റഡ് ബാസന്‍ മിഷന് ആശുപത്രി ആരംഭിക്കുവാന്‍ വിട്ടുകൊടുത്ത വസ്തുവിന്റെ പേരില്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് തരപ്പെടുത്തിയാണ് സ്ഥലം കൈയ്യേറിയത്. സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കുന്നതിന് വേണ്ട ഗൂഢനീക്കത്തിന്റെ ഭാഗമായാണ് തലശേരി തഹസില്‍ദാര്‍ 2011 ഏപ്രില്‍ 25 ന് പാനൂര്‍ ജുമാഅത്ത് പള്ളി മഹല്‍ കമ്മറ്റിക്ക് ഭൂനികുതി ഈടാക്കി കൈവശവകാശ സര്‍ട്ടിഫിക്കറ്റ് നല്കാന് പാനൂര്‍ ഓഫീസറോട് ഉത്തരവിട്ടതെന്നും ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇ.മനീഷ്, എം.പി.പ്രകാശന്, ജെയ്സന് ഡൊമനിക്, കെ.കെ.ചാത്തുകുട്ടി, എടച്ചോളി ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: