കൊച്ചി: കളക്ടറേറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മഴവെള്ള സംഭരണി നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകേരളം പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ഊന്നല്‍ നല്‍കുമെന്ന് ജില്ലാ ഭരണകൂടം. പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി, ഹരിതകേരള മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്ത യോഗത്തിലാണ് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള നിര്‍ദേശം മുന്നോട്ടു വച്ചത്.
എന്റെ പേരില്‍ ഒരു മരം പദ്ധതിയാണ് ഹരിതകേരളത്തിന്റെ അടുത്ത ഘട്ടത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. സന്നദ്ധസ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പദ്ധതിയുടെ ഭാഗമാകാം. രജിസ്റ്റര്‍ ചെയ്ത വ്യക്തിയ്ക്കോ സ്ഥാപനത്തിനോ സ്വന്തം പേരിലുള്ള മരം നടാന്‍ ജില്ലാ ഭരണകൂടം പിന്തുണ നല്‍കും. മരത്തിന്റെ സംരക്ഷണചുമതല അതത് വ്യക്തികള്‍ക്കാവും. എന്റെ പേരില്‍ ഒരു മരം പദ്ധതി മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യത ആരായുമെന്ന് ഡോ. സീമ പറഞ്ഞു.
ഹരിതമാര്‍ഗരേഖ (ഗ്രീന്‍ പ്രോട്ടോക്കോള്‍) അനുസരിച്ചുള്ള അഞ്ച് വിവാഹവിരുന്നുകളാണ് ജില്ലയില്‍ രണ്ടാഴ്ചയ്ക്കകം നടത്തിയതെന്ന് ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സിജു തോമസ് പറഞ്ഞു. പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യസംസ്കരണത്തിനായുള്ള സംവിധാനങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും ഒരുമാസത്തിനകം നടപ്പില്‍ വരുത്താന്‍ നടപടിയെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സബ്കളക്ടര്‍ അദീല അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാ സനില്‍, എഡിഎം: സി. കെ. പ്രകാശ്, ഹരിതകേരളം ടെക്നിക്കല്‍ അഡൈ്വസര്‍ ഡോ. അജയകുമാര്‍ വര്‍മ, ഹരിതകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ടിമ്പിള്‍ മാഗി, മൂവാറ്റുപുഴ ആര്‍ഡിഒ: എ.ജി രാമചന്ദ്രന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാലി ജോസഫ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: