കാഞ്ഞിരപ്പള്ളി: റബ്ബര്‍ മാലിന്യം കത്തിച്ചപ്പോള്‍ ഉണ്ടായ രൂക്ഷ ഗന്ധമുള്ള പുക ശ്വസിച്ച് സ്കൂളുകളിലെ കുട്ടികള്‍ക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂള്‍, എന്‍എച്ച്എ യു.പി സ്കൂള്‍ എന്നീ സ്കൂളുകളിലാണ് പുക പടര്‍ന്നത്. മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒരു അധ്യാപികയ്ക്കും രണ്ടു കുട്ടികള്‍ക്കും ഛര്‍ദ്ദിയും, ഇരുപതോളം കുട്ടികള്‍ക്ക് ചുമയും അസ്വസ്ഥതയും ഉണ്ടായി. ഇവര്‍ക്ക് തൊട്ടടുത്തുള്ള ഇഎസ്ഐ ആശുപത്രിയില്‍ ചികില്‍സ നല്കി വിട്ടയച്ചു. ഉച്ചവരെ ഇരു സ്കൂളുകളിലെയും ക്ലാസുകള്‍ മുടങ്ങി.
മൈക്ക സ്കൂളിനോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് റബ്ബറിന്റെ അവശിഷ്ടങ്ങളും, ഉപയോഗശൂന്യമായ വസ്തുക്കളും കൂട്ടിയിട്ട് കത്തിച്ചത്. ഞായറാഴ്ച്ച കത്തിച്ച അവശിഷ്ടങ്ങളിലെ തീ അണയാതെ ഇന്നലെയും പുക ഉയരുകയായിരുന്നു. ഇന്നലെ രാവിലെ സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ പരിസരമാകെ പുകയായിരുന്നുവെന്ന് മൈക്ക സ്കൂള്‍ അധികൃതര്‍ പറഞ്ഞു. മൈക്ക സ്കൂളിലെ രണ്ടാം നിലയിലും മൂന്നാം നിലയിലെയും ക്ലാസ് മുറികളിലും രൂക്ഷ ഗന്ധത്തോടെ പുകപടലങ്ങള്‍ പടര്‍ന്നതോടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് രണ്ടു സ്കൂളുകളിലെ അധ്യാപകര്‍ ചേര്‍ന്ന് പോലീസിലും, ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫിസര്‍ ജോസഫ് തോമസിന്റെ നേതൃത്വത്തില്‍ പി.എസ്.സനല്‍, പി.വി.സന്തോഷ്, ഫിലിപ്പ് വര്‍ഗീസ്, ഹരിലാല്‍, കിരണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍ പണിപ്പെട്ടാണ് പുക ശമിപ്പിച്ചത്.
അഞ്ചിലിപ്പയില്‍ റബ്ബര്‍ ഫാക്ടറിക്ക് സമീപത്തെ കൊണ്ടൂപറമ്പില് ജോജോയുടെ പുരയിടത്തില്‍ തീ പടര്‍ന്നു. തീ ഫാക്ടറിയുടെ വളപ്പില്‍ പ്രവേശിച്ചപ്പോഴേയ്ക്കും ഫയര്‍ഫോഴ്സ് എത്തി അണച്ചതിനാല്‍ വന്‍ അപകടവും നാശനഷ്ടവും ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: