57-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി കഴിഞ്ഞ ഏഴുദിവസങ്ങളിലായി കണ്ണൂരിലെത്തിയവര്‍ കാല് കോടിയിലേറെ. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 12000ത്തോളം വരുന്ന മത്സരാര്‍ത്ഥികള്‍, അത്രയും രക്ഷിതാക്കള്‍, അധ്യാപകര്‍, വിധികര്‍ത്താക്കള്‍ എന്നിവര്‍ക്ക് പുറമേ പ്രശസ്തരായ കലാകാരന്മാര്, 1500 ഓളം മാധ്യമപ്രവര്‍ത്തകര്‍, ആയിരത്തിലേറെ വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍, 300 ഓളം സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ എന്നിവരടങ്ങുന്ന വന്‍ സംഘമാണ് ഏഴുദിനരാത്രങ്ങളിലായി നടന്ന കലോത്സവ പരിപാടിയില്‍ പങ്കെടുത്തത്. ഇതുകൂടാതെ വിവിധ ജില്ലകളില്‍ നിന്നായി നിത്യേന ആയിരക്കണക്കിന് കലാസ്വാദകരും എത്തിയിരുന്നു. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നുള്ളവര്‍ കുറവായിരുന്നുവെങ്കിലും പിന്നീട് ജനലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ലാതെയാണ് കലോത്സവ ദിനങ്ങള്‍ കഴിഞ്ഞത്.
രണ്ട് ദശാബ്ദക്കാലങ്ങളായി കണ്ണൂരിനെ കലാപഭൂമിയാക്കി മാറ്റുന്ന സിപിഎം, ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കം നടക്കുന്ന സമയത്ത് തലശ്ശേരിയില്‍ ഒരു കലാപ്രതിഭയുടെ പിതാവിനെ വെട്ടിക്കൊന്ന് കലോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നിട്ടും കണ്ണൂരില്‍ കലാപം പൊട്ടിപ്പുറപ്പെടാത്തതിനാല് തങ്ങളുടെ വാലാട്ടികളായ ചില പോലീസുകാരെ ഉപയോഗിച്ച് വിലാപയാത്ര തടഞ്ഞ് കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഇതിന് കണ്ണൂര്‍ നഗരം നേര്സാക്ഷിയാവുകയും ചെയ്തു. കണ്ണൂരിലെ കലാപത്തിന് കാരണക്കാര്‍ സിപിഎം തന്നെയെന്ന് ഇതോടെ ജനം തിരിച്ചറിയുകയായിരുന്നു. അതേസമയം കണ്ണൂരിന്റെ നല്ല മനസ്സുകളെയും അവര്‍ കണ്ടു. കണ്ണൂരിലെത്തിയവരെ സ്വാദിഷ്ഠമായ ഭക്ഷണം നല്കി ആതിഥ്യമരുളാന്‍ ഹോട്ടലുകള്‍ തയ്യാറായി. തട്ടുകടക്കാര്, മറ്റു കച്ചവട സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കലോത്സവത്തോട് പരമാവധി സഹകരിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍, ടാക്സികള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. പ്രധാന കലോത്സവ വേദികളില്‍ സിപിഎം ആധിപത്യമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും കൃത്യമായ വിജയം കണ്ടില്ല. ദിനംപ്രതി കാല്ലക്ഷത്തിലേറെപ്പേര്ക്ക് ഭക്ഷണം തയ്യാറാക്കി നല്കിയ പഴയിടം നമ്പൂതിരിയുടെ സേവനവും ശ്ലാഘനീയമാണ്. ഹരിതകലോത്സവം പദ്ധതി, സ്റ്റുഡന്റ് പോലീസ്, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം എന്നിവയുടെ പ്രവര്‍ത്തനവും ശ്രദ്ധേയമാണ്. ജില്ലയിലെ എംഎല്‍എ, എംപി എന്നിവരില്‍ സിപിഎം കേന്ദ്രക്കമ്മറ്റിയംഗം ഇ.പി.ജയരാജന്, കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫ് എന്നീ എംഎല്‍എമാരുടെ സാന്നിധ്യവും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: