തിരുവനന്തപുരം : നഗരസഭയിലെ കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കുന്നു. കാലതാമസം ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം നടപടി സുതാര്യമാക്കുന്നതിനുമാണ് കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നത്. നഗരസഭയില്‍ 30ന് രാവിലെ 10.30ന് നഗരസഭാ കൗണ്‍സില്‍ ലോഞ്ചില്‍ ആദലത്ത് ആരംഭിക്കും.
കെട്ടിട നിര്‍മ്മാണത്തിനായി അപേക്ഷ സമര്‍പ്പിച്ച് ഒരു മാസം പൂര്‍ത്തിയായിട്ടും യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലാത്ത ഫയലുകളും ദീര്‍ഘകാലമായി തീരുമാനമാകാത്ത ഫയലുകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. നഗരസഭ ഓഫീസിലെ ഫ്രണ്ട് ഓഫീസിലും സോണല്‍ ഓഫീസുകളിലും അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രത്യേക അപേക്ഷാ ഫോറം ഇല്ല. അപേക്ഷയോടൊപ്പം പരാതിയുള്ള ഫയല്‍ സംബന്ധിച്ച് വിശദാംശങ്ങളും ഉള്ളടക്കം ചെയ്യണം. 25ന് വൈകുന്നേരം 5 വരെ അപേക്ഷകര്‍ സമര്‍പ്പിക്കാം. അപേക്ഷയില്‍ വ്യക്തമായ ഫയല്‍ നമ്പറും അപേക്ഷകന്റെ ഫോണ്‍ നമ്പറും രേഖപ്പെടുത്തണം.
















