ന്യൂദല്‍ഹി: ഭരണഘടനയുടെ യഥാര്‍ത്ഥ പതിപ്പില്‍ ഹിന്ദു ദൈവങ്ങളുടെയും ആത്മീയ ആചാര്യന്മാരുടെയും ചിത്രങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
ന്യൂനപക്ഷ പ്രീണനത്തെയും കപട മതേതരത്വത്തെയും തടയുന്നതാണ് ഇത്. ഇപ്പോഴാണ് ഭരണഘടനാ നിര്‍മ്മാണ സഭ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെങ്കില്‍ എന്താകും സംഭവിക്കുകയെന്നും മന്ത്രി ചോദിച്ചു. ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ മുന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള നിയമവിദഗ്ധര്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.
ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, വിവേകാനന്ദ സ്വാമി, ഗുരുഗോവിന്ദ് സിംഗ് തുടങ്ങിയ ദൈവങ്ങളുടെയും ആചാര്യന്മാരുടെയും ചിത്രങ്ങളാണ് യഥാര്‍ത്ഥ പ്രതിയില്‍ ഉള്ളത്. മൗലികാവകാശങ്ങള്‍ സംബന്ധിച്ച പേജിന്റെ ഏറ്റവും മുകളില്‍ ലങ്കയിലെ വിജയത്തിന് ശേഷം അയോധ്യയിലേക്ക് തിരിച്ചു വരുന്ന രാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും ചിത്രമാണ്. നിര്‍ദ്ദേശക തത്വങ്ങള്‍ വിവരിക്കുന്ന പേജില്‍ കുരുക്ഷേത്രയില്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കുന്ന ശ്രീകൃഷ്ണന്റെ ചിത്രവുമുണ്ട്. വിക്രമാദിത്യന്‍, അശോക ചക്രവര്‍ത്തിമാരുടെ രാജസദസ്സിന്റെ ചിത്രവും ഭരണഘടനയില്‍ കാണാം.
ഭരണഘടന രൂപീകരിക്കുന്ന സമയത്ത് ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുള്‍ കലാം ആസാദ്, അംബേദ്കര്‍ എന്നിവരാണ് ഭരണഘടനയെ ഈ രൂപത്തില്‍ അലങ്കരിച്ചത്. ഇപ്പോഴാണ് ഈ തീരുമാനമെങ്കില്‍ ആളുകള്‍ അത്ഭുതപ്പെടുമായിരുന്നു. എങ്ങോട്ടാണ് ഈ രാജ്യം പോയത്. നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. ഒരു ചര്‍ച്ചക്ക് വേണ്ടിയാണ് താനിത് പറയുന്നത്.
ഭരണഘടനയില്‍ എഴുതി വച്ചത് കൊണ്ടല്ല ഇന്ത്യ മതേതര ജനാധിപത്യ രാജ്യമായി നിലനില്‍ക്കുന്നത്. ജനാധിപത്യം നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമായതിനാലാണ്. മന്ത്രി വ്യക്തമാക്കി.
















