ആലപ്പുഴ: റവന്യൂ വകുപ്പിനെ അഴിമതിമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ഒരാളെക്കൂടി ജില്ലാ കളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. നെടുമുടി വില്ലേജിലെ വില്ലേജ് അസിസ്റ്റന്റായ സി. മദനനെയാണ് വ്യാജരേഖകള്‍ ചമച്ചതിന് സസ്‌പെന്‍ഡ് ചെയ്തത്.
നെടുമുടി വില്ലേജില്‍ അനധികൃതമായി ഏക്കറു കണക്കിന് നിലങ്ങള്‍ തണ്ടപ്പേരില്‍ പുരയിടമാക്കി നല്‍കി, വസ്തുവിന്റെ വിസ്തീര്‍ണം കൃത്രിമമായി വര്‍ധിപ്പിച്ചു നല്‍കി, വ്യാജ പോക്കുവരവ് ചെയ്ത് തണ്ടപ്പേര്‍ കൃത്രിമമായി ഉണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ചെയ്തതെന്ന് ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ അറിയിച്ചു.
പരിശോധന വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് കളക്ടര്‍ നെടുമുടി വില്ലേജ് ഓഫീസില്‍ നേരിട്ട് പരിശോധന നടത്തി. വ്യാജരേഖ ചമച്ചതിന് ക്രിമിനല്‍ കേസെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ കുട്ടനാട് തഹസില്‍ദാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ആറു മാസത്തിനിടെ അച്ചടക്കനടപടിക്കു വിധേയമായി സസ്‌പെന്‍ഷനിലായത് 11 റവന്യൂ ഉദ്യോഗസ്ഥരാണ്.
ക്രമക്കേടുകള്‍ കാട്ടിയ വില്ലേജ് അസിസ്റ്റന്റ് മുതല്‍ ഡെപ്യൂട്ടി കളക്ടര്‍ വരെ സസ്‌പെന്‍ഷനിലായി. പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
















