ആലപ്പുഴ: നഗരത്തിലെ ഗതാഗതപരിശ്ക്കാരങ്ങള്‍ കൂടുതല്‍ കുരുക്കിന് മാത്രമല്ല, അപകടങ്ങള്‍ക്കും വഴിയൊരുക്കുന്നു. റോഡില്‍ നില്‍ക്കുന്ന പോലീസുകാരുടെ അപ്പോഴപ്പോഴത്തെ മനോധര്‍മ്മം അനുസരിച്ചാണ് വാഹനങ്ങള്‍ തിരിച്ചുവിടുന്നത് വന്‍ ഗതാഗതക്കുരുക്കിനും ചുറ്റിയോടലിനും ഇന്ധനനഷ്ടത്തിനും പരിസരമലിനീകരണത്തിനും ഇടയാക്കുന്നു. സൂചനാബോര്‍ഡുകള്‍ പോലീസുകാരുടെ മനസിനുള്ളില്‍ മാത്രമാണുള്ളത്. അതിനാല്‍ എല്ലാ ജങ്ഷനുകളിലും വന്‍തടസ്സവും നൂറുകണക്കിനു വാഹനങ്ങളുടെ നിരയുമാണ് അനുഭവപ്പെടുന്നത്.
കിഴക്ക് ബസ്‌സ്‌റ്റേഷന്‍ ഭാഗത്തൂ നിന്നു വാടത്തോടിന്റെ തെക്കേക്കരയിലുടെ വരുന്ന വാഹനങ്ങള്‍ ജില്ലാ കോടതി പാലത്തിലേക്കു കയറാതിരിക്കാന്‍ ചരടു വലിച്ചാണ് കെട്ടിയിരിക്കുന്നത് . പരിഷ്‌ക്കാരത്തെ തുടര്‍ന്ന് പതിവില്ലാത്ത വിധം വാഹനങ്ങള്‍ തമ്മിലുള്ള തട്ടലും മുട്ടലും പതിവായി. പരിഷ്‌ക്കാരം ഒഴിവാക്കിയില്ലെങ്കില്‍ വലിയ അപകടങ്ങളും നഷ്ടങ്ങളും ഉണ്ടാകാനിടയുണ്ട്.ഗതാഗത പരിഷ്‌ക്കാരത്തില്‍ നിര്‍ദേശിക്കാത്ത രീതിയില്‍ ഓരോ പോലീസുകാരനും തോന്നിയതു പോലെയാണ് വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത്. സ്ഥലം അറിയാവുന്നവര്‍ എങ്ങനെയെങ്കിലും ഓടിച്ചു പോകും. എന്നാല്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ള റോഡുകള്‍ നിശ്ചയമില്ലാത്തവര്‍ മറ്റുള്ളവര്‍ക്കു കൂടി ബുദ്ധിമുട്ടു സൃഷ്ടിച്ച് പട്ടണത്തില്‍ കിടന്നു കറങ്ങും.
ജില്ലാ കോടതി, പാലം ജങ്ഷനുകളില്‍ മാത്രം പരീക്ഷണാര്‍ത്ഥം ജനുവരി നാലിനു നടപ്പിലാക്കിയ പരിഷ്‌ക്കാരം പട്ടണത്തെ മൊത്തം ശ്വാസം മുട്ടിച്ചിട്ടും അതു സ്വീകാര്യവും കുരുക്കു മൊത്തം അഴിച്ചുവെന്നും ട്രാഫിക് പോലീസ് സ്വയം വാദിച്ചു കൂടുതല്‍ ജങ്‌നുകളിലേക്കു പരിഷ്‌ക്കാരം വ്യാപിപ്പിക്കുമെന്നുള്ള പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനിടെ കിലോമീറ്ററുകള്‍ വാഹനങ്ങള്‍ അനങ്ങാതെ കിടക്കുന്നതിനു ഇടയ്‌ക്ക് ഇരുചക്രവാഹനയാത്രികരെ തടഞ്ഞു നിര്‍ത്തി ഹെല്‍മറ്റ് വേട്ട നടത്തുന്നതും കുരുക്കു മുറുക്കുന്നുണ്ട്.
പരിഷ്‌ക്കാരം സ്വീകാര്യമായതായി പല സംഘടനകളും അറിയിച്ചതായി ട്രാഫിക് പോലീസ് അവകാശപ്പെടുന്നു. എന്നാല്‍ ആ സംഘടനകളുടെ പേരു വിവരം വെളിപ്പെടുത്താനും തയ്യാറാകുന്നില്ല.
















