തൃശൂര്‍: നഗരത്തിലും പരിസരത്തുമുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.മുണ്ടൂരില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് തലകീഴായ് മറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. റോഡിന് സമീപമുള്ള കിണറിന്റെ ഭിത്തിയില്‍ ഇടിച്ച് നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിക്കൂടിയവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
പേരാമംഗലം മനപ്പടിയില്‍ ബസ്സിന് പുറകില്‍ ടാറ്റാസുമോ ഇടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോയിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടാറ്റാസുമോ ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒളരിക്കരയില്‍ ഓട്ടോറിക്ഷയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന അമ്മയും മകനും പരിക്കേറ്റു. ഒളരിക്കര ഇഎസ്‌ഐ ആശുപത്രിക്ക് മുന്നിലാണ് സംഭവം. തൃശൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന ബസ്സ് ഇഎസ്‌ഐ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്നു. ഈസമയത്ത് പിന്നില്‍ നിന്നും വന്നിരുന്ന ഓട്ടോറിക്ഷ ബസ്സിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. കുന്നത്തങ്ങാടി സ്വദേശികളായ 65 വയസ്സുള്ള അമ്മയേയും മകനെയും പരിക്കേറ്റ നിലയില്‍ മദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















