ന്യൂദല്‍ഹി: അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയം അവസാനിച്ചെങ്കിലും പ്രവാസി ഇന്ത്യാക്കാര്‍ക്ക് ജൂണ്‍ 30 വരെ നിക്ഷേപിക്കാം. 25,000 രൂപ വരെ നിക്ഷേപിക്കാനാണ് അവസരമൊരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഓഡിനന്‍സില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവച്ചു.
ഇതിന് പുറമെ ആയിരം അഞ്ഞൂറ് നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ച രാത്രി മുതല്‍ ഡിസംബര്‍ 30വരെ വിദേശത്തുണ്ടായിരുന്ന ഇന്ത്യാക്കാര്‍ക്ക് പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് ഇതിന് അവസരം ഒരുക്കിയിരിക്കുന്നത്. 2016 നവംബര്‍ ഒമ്പതിനും ഡിസംബര്‍ 30 നും ഇടയില്‍ വിദേശത്തുള്ള എന്‍ആര്‍ഐക്കാര്‍ക്ക് ജൂണ്‍ 30 വരെയും അസാധു നോട്ടുകള്‍ മാറ്റിയെടുക്കാം.
എന്നാല്‍ നേപ്പാള്‍, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയില്ല. ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിനു ശേഷമാണ് ആര്‍ബിഐ ഇളവ് പ്രഖ്യാപിച്ചത്. പഴയനോട്ടുകള്‍ ഇനി നിക്ഷേപിക്കുന്നതിന് പ്രത്യേക സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. വൈകാതെ തന്നെ അതിന്റെ മാതൃക റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇതിലും ക്രമക്കേട് വരുത്തിയാല്‍ വന്‍ തുക പിഴ ഈടാക്കാനാണ് പദ്ധതിയിടുന്നത്.
















