മാവേലിക്കര താലൂക്ക് ഓഫീസിനുള്ളില്‍ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം നടന്ന ന്യൂ ഈയര്‍ ആഘോഷം
മാവേലിക്കര: ഓണാഘോഷം വിലക്കിയ സര്‍ക്കാര്‍ ഓഫീസുകളില്‍ ന്യൂ ഈയര്‍ ആഘോഷം പൊടിപൊടിച്ചു. മാവേലിക്കര താലൂക്ക് ഓഫീസിനുള്ളില്‍ ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ഗാനമേള ഉള്‍പ്പെടെയാണ് തകര്‍ത്തത്. ഈ സമയം നിരവധി ആള്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തിയെങ്കിലും ആഘോഷം കണ്ട് മടങ്ങാനായിരുന്നു വിധി.
ജീവനക്കാര്‍ പലരും കുടുംബസമേതമാണ് പരിപാടികളില്‍ പങ്കെടുത്തത്. ഓഫീസിനുള്ളില്‍ വര്‍ണ്ണ ബലൂണുകള്‍ ഉള്‍പ്പെടെ ചാര്‍ത്തി അലങ്കരിച്ചിരുന്നു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ ഒരു ഭാഗത്തേക്ക് മാറ്റി വച്ചശേഷമാണ് ഗാനമേളയ്‌ക്കുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ സര്‍വ്വീസ് സംഘടനയാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. പരിപാടിക്ക് കൊഴുപ്പു കൂട്ടാനായി മറ്റൊരു മുറിയില്‍ ചില ജീവനക്കാര്‍ പ്രത്യേക ‘ആഘോഷം’ സംഘടിപ്പിച്ചിരുന്നതായും പറയുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി ഓഫീസ് മുറ്റത്തു പൂക്കളമിടുന്നതിനു പോലും മുഖ്യമന്ത്രി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഗാനമേള നടത്തി സര്‍ക്കാര്‍ ജീവനക്കാര്‍ ആഘോഷം ഗംഭീരമാക്കിയത്.
















