കൊല്‍ക്കത്ത: ബംഗ്‌ളാദേശിലെ ജമായത്തുള്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടനയിലെ പതിനായിരത്തിലേറെപ്പേര്‍ ഐഎസില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ബംഗാളില്‍ പിടിയിലായ മൂസയെന്ന ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ഐഎക്ക് ഇതു സംബന്ധിച്ച വ്യക്തമായ വിവരം ലഭിച്ചത്.
ഇത്രയേറെപ്പേര്‍ ഐഎസില്‍ ചേര്‍ന്നത്, ഭാരതത്തിന്, പ്രത്യേകിച്ച് ബംഗാളിന് വലിയ ഭീഷണിയാണ്. ധാരാളം ജമായത്തുള്‍ മുജാഹിദ്ദീന്‍ ഭീകരരുള്ള സ്ഥലമാണ് ബംഗാള്‍. ഈ ഭീഷണി മുളയിലേ നുള്ളിയില്ലെങ്കില്‍ ഭാവിയില്‍ വലിയ ആപത്തുണ്ടാകുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പ്.
ബര്‍ദ്വാന്‍ സ്‌ഫോടനം ജമായത്തുള്‍ നടപ്പാക്കിയതായിരുന്നു. വലിയ വര്‍ഗീയ ചേരിതിരിവിന് സാധ്യതയുള്ള ധാരാളം സ്ഥലങ്ങള്‍ ബംഗാളിലുണ്ട്. അടുത്തിടെ നബിദിന ഘോഷയാത്രയുടെ പേരില്‍ ഇവിടെ വര്‍ഗീയ സംഘര്‍ഷംഉണ്ടാകുകയും ചെയ്തിരുന്നു.
ഇത്രയേറെപ്പേര്‍ ഐഎസില്‍ ചേര്‍ന്നതിനെക്കുറിച്ച് മൂസ തന്റെ മാര്‍ഗനിര്‍ദ്ദേശകനായ ഷാഫി ആര്‍മറിനോട് പറഞ്ഞിരുന്നു. ഒറ്റയാന്‍ ഭീകരാക്രമണങ്ങള്‍ക്കു പകരം വലിയ ഭീകരാക്രമണങ്ങളാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നതെന്നും മൂസ ഷാഫിയോടു പറഞ്ഞു
ആര്‍എസ്എസ്, വിഎച്ച്പി, ബിജെപി നേതാക്കളെ വേണം തങ്ങള്‍ ലക്ഷ്യമിടാനെന്ന് മൂസ ഷാഫിയോട് പറയുകയും ചെയ്തു.പുതിയ തരം ഓപ്പറേഷനാണ് ഭാരതത്തില്‍ ഐഎസ് ആസൂത്രണം ചെയ്യുന്നതെന്നും മൂസയെന്ന മാസിയുദ്ദീന്‍ പറഞ്ഞു.
















