ന്യൂദല്‍ഹി: കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് വിരമിച്ചു. നീണ്ട 43 വര്‍ഷത്തെ സൈനികസേവനത്തിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. സേനയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കിയ കേന്ദ്രസര്‍ക്കാരിന് അദ്ദേഹം നന്ദിയറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഞാന്‍ നന്ദിയറിയിക്കുകയാണ്. സൈനികനടപടികള്‍ നടപ്പിലാക്കുന്നതില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ചു. സാഹസികമായ പുരോഗതികള്‍ കൈവരിക്കുവാനുളള പ്രചോദനം അദ്ദേഹം നല്‍കി. ദല്‍ബീര്‍ സിംഗ് പറഞ്ഞു
ലോകത്തിലെ ഏറ്റവും കെട്ടുറപ്പുളളതും, കരുത്തുളളതുമായ കരസേനയാണ് നമ്മുടേത്. നമ്മുടെ നേതൃത്വം കഴിവുറ്റതും, നമ്മുടെ സൈനികര്‍ ധീരന്മാരുമാണ്; സൈന്യത്തെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ മാത്രം 141 ഭീകരരെ വധിച്ചതായും ദല്‍ബീര്‍ വ്യക്തമാക്കി. 2012 ല്‍ 67 ഭീകരരേയും 2013 ല്‍ 65 പേരെയുമാണ് വധിച്ചത്. സംസാരത്തേക്കാള്‍ പ്രവൃത്തിയാണ് മികച്ചതെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
















