മെല്‍ബണ്‍: അസര്‍ അലിയുടെ (205 നോട്ടൗട്ട്) ഡബിള്‍ സെഞ്ചുറിയുടെ കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ പാക്കിസ്ഥാനെതിരെ ഡേവിഡ് വാര്‍ണറിലൂടെയും (144), ഉസ്മാന്‍ ഖവാജയിലൂടെയും (95 നോട്ടൗട്ട്) ഓസ്‌ട്രേലിയയുടെ തിരിച്ചടി. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത പാക്കിസ്ഥാനെതിരെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സില്‍ ഓസീസ്.
ഒമ്പതാമനായിറങ്ങിയ സൊഹെയ്ല്‍ ഖാനെ (65) കൂട്ടുപിടിച്ചാണ് അസര്‍ അലി പാക്ക് ഇന്നിങ്‌സ് നാനൂറ് കടത്തിയത്. 364 പന്തില്‍ 20 ഫോറുകളോടെ അലിയുടെ ഇരട്ട ശതകം. ജോഷ് ഹെയ്‌സല്‍വുഡും ജാക്‌സണ്‍ ബേഡും മൂന്ന് വീതം വിക്കറ്റെടുത്തു.
മറുപടി തുടങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് ഓപ്പണര്‍ മാറ്റ് റെനഷോയെ (10) തുടക്കത്തിലേ നഷ്ടമായെങ്കിലും വാര്‍ണറും ഖവാജയും പോരാട്ടം നയിച്ചു. വേഗത്തില്‍ ബാറ്റേന്തിയ വാര്‍ണര്‍ 143 പന്തില്‍ 17 ഫോറും ഒരു സിക്‌സറും സഹിതമാണ് 144ലെത്തിയത്. താരത്തിന്റെ 17ാം സെഞ്ചുറി. ആറാം സെഞ്ചുറിയിലേക്ക് കുതിക്കുന്ന ഖവാജക്കൊപ്പം നായകന്‍ സ്റ്റീവന്‍ സ്മിത്ത് (10) കൂട്ട്.
















