മെല്‍ബണ്‍: ഓപ്പണര്‍ അസര്‍ അലിയുടെ (139 നോട്ടൗട്ട്) കരുത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ മികച്ച സ്‌കോറിലേക്ക്. മഴ മൂലം ഇടയ്‌ക്ക് കളി നിര്‍ത്തേണ്ടി വന്ന രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു പാക്കിസ്ഥാന്‍. 28 റണ്‍സുമായി മുഹമ്മദ് അമീര്‍, അസറിനൊപ്പം ക്രീസില്‍. ആദ്യ ദിവസവും കളി തടസപ്പെട്ടിരുന്നു.
നാലിന് 142 എന്ന നിലയില്‍ ഇന്നലെ ബാറ്റിങ് തുടങ്ങിയ പാക്കിസ്ഥാനെ അസറും ആസാദ് ഷഫീഖും (50) ചേര്‍ന്ന് മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ 115 റണ്‍സ് ചേര്‍ത്തു സഖ്യം. 123 പന്തില് നാലു ഫോറുകളോടെ 50 റണ്‍സെടുത്ത ഷഫീഖ് മടങ്ങിയെങ്കിലും അമീറീനെ കൂട്ടുപിടിച്ച് അസര്‍ പോരാട്ടം തുടര്‍ന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദിന് (10) പിടിച്ചു നില്‍ക്കാനായില്ല. 287 പന്ത് നേരിട്ട് 12 ഫോറുകളോടെയാണ് അസര്‍ കരിയറിലെ 12ാം ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. ഓസീസിനായി ജാക്‌സണ്‍ ബേഡ് മൂന്നും, ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും നഥാന്‍ ലിയോണ്‍ ഒന്നും വിക്കറ്റെടുത്തു.
















