ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ പന്ത്രണ്ടാം ജയത്തോടെ ചെല്‍സി ഒന്നാമത്. എഎഫ്‌സി ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്നു ഗോളിന് കീഴടക്കി നീലപ്പട. മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളും ജയം കണ്ടു. അതേസമയം, നിലവിലെ ജേതാക്കള്‍ ലെസ്റ്റര്‍ സിറ്റിക്ക് തോല്‍വി.
തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജില്‍ പെഡ്രൊ (24), ഏദന്‍ ഹസാര്‍ഡ് (49) എന്നിവരുടെ ഗോളും സ്റ്റീവ് കുക്കിന്റെ സെല്‍ഫ് ഗോളുമാണ് ചെല്‍സിക്ക് വന്‍ ജയമൊരുക്കിയത്. 18 കളികളില്‍ 46 പോയിന്റായി ചെല്‍സിക്ക്. ഹള്‍ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് 39 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തേക്കു കയറി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം യായ ടുറെ (72), കെലെച്ചി ഇഹ്യനാച്ചൊ (78) എന്നിവര്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു. ഡാവിസിന്റെ സെല്‍ഫ് ഗോളും സിറ്റിയുടെ അക്കൗണ്ടില്‍.
എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ്‌ബ്രോംവിച്ച് ആല്‍ബിയനെ കീഴടക്കി ആഴ്‌സണല്‍. 86ാം മിനിറ്റില്‍ ഒലിവര്‍ ഗിറൗഡാണ് സ്‌കോര്‍ ചെയ്തത്. 37 പോയിന്റുമായി നാലാമത് പീരങ്കിപ്പട. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ മൂന്നു ഗോളിന് സണ്ടര്‍ലാന്‍ഡിനെ തോല്‍പ്പിച്ചു. ഡാലി ബ്ലിന്‍ഡ് (39), സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് (82), ഹെന്റി മഖിത്രായന്‍ (86) എന്നിവര്‍ സ്‌കോറര്‍മാര്‍. ബോറിനി സണ്ടര്‍ലാന്‍ഡിന്റെ ആശ്വാസം. 33 പോയിന്റുമായി ആറാമത് യുണൈറ്റഡ്.
എവര്‍ട്ടണിനോടാണ് ലെസ്റ്റര്‍ സിറ്റി തോറ്റത് (2-0). കെവിന്‍ മിറാലസ് (51), റൊമേലു ലുക്കാക്കു (90+) എന്നിവര്‍ സ്‌കോറര്‍മാര്‍. എവര്‍ട്ടണ്‍ (26 പോയിന്റ്) ഏഴാമത്, ലെസ്റ്റര്‍ (17) പതിനാറാമത്. മറ്റു കളികളില്‍ ബേണ്‍ലി 1-0ന് മിഡില്‍സ്ബറോയെ തോല്‍പ്പിച്ചപ്പോള്‍, വെസ്റ്റ് ഹാം യുണൈറ്റഡ് 4-1ന് സ്വാന്‍സീ സിറ്റിയെ കീഴടക്കി. വാറ്റ്‌ഫോര്‍ഡ്-ക്രിസ്റ്റല്‍ പാലസ് മത്സരം സമനിലയില്‍ (1-1).
















