മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക് സ്റ്റീവന്‍ സ്മിത്തിനേക്കാള്‍ പ്രിയം വിരാട് കോഹ്‌ലിയെ. ക്രിക്കറ്റ് ഓസ്‌ട്രേലിയ 2016ലെ ഏകദിന ടീം നായകനായി വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു. പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്‌ക്കും ടീമിലിടം.
ഏകദിന ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് വിരാടിന്റെ തെരഞ്ഞെടുപ്പിനു പിന്നിലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 10 ഏകദിനങ്ങളില്‍ മാത്രമാണ് ഈ വര്‍ഷം വിരാട് കളിച്ചത്. മൂന്നു സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ 739 റണ്‍സ് നേടി. റണ്‍ പിന്തുടരുന്നതിലെ മികവും വിരാടിനെ അതുല്യനാക്കുന്നു, വാര്‍ത്താക്കുറിപ്പ് തുടരുന്നു. ഈ വര്‍ഷം 17 വിക്കറ്റുകള്‍ നേടിയ ബുംറ സ്ഥിരത പുലര്‍ത്തുന്ന ബൗളറെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടുന്നു. ഒരു മത്സരത്തില്‍ ശരാശരി 40 റണ്‍സേ വഴങ്ങുന്നുള്ളു. ഇക്കോണമിയാകട്ടെ 3.63. ഡേവിഡ് വാര്‍ണറും ക്വിന്റണ്‍ ഡി കോക്കുമാണ് ടീമിലെ ഓപ്പണര്‍മാര്‍.
ടീം: വിരാട് കോഹ്‌ലി (നായകന്‍), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍, ദക്ഷിണാഫ്രിക്ക), സ്റ്റീവന്‍ സ്മിത്ത്, ബാബര്‍ അസം (പാക്കിസ്ഥാന്‍), മിച്ചല്‍ മാര്‍ഷ് (ഓസ്‌ട്രേലിയ), ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്), ജസ്പ്രീത് ബുംറ, ഇമ്രാന്‍ താഹിര്‍ (ദക്ഷിണാഫ്രിക്ക), ജോണ്‍ ഹേസ്റ്റിങ്‌സ് (ഓസ്‌ട്രേലിയ), മിച്ചല്‍ സ്റ്റാര്‍ക്ക് (ഓസ്ട്രേലിയ).
















