പത്തനാപുരം: വൈദ്യുതിവകുപ്പിന്റെ അധീനതയിലുള്ള ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു.
അലിമുക്കിലെ പിറവന്തൂര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന് സമീപത്തായാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. പഴയ നിരവധി തടി പോസ്റ്റുകള്‍, ലൈന്‍ വലിക്കുന്ന അലൂമിനിയം കമ്പികള്‍, സ്റ്റേ കമ്പികള്‍ അടക്കം അനവധി സാധനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്. പുതിയതായി കൊണ്ടുവന്ന അലൂമിനിയം കമ്പികള്‍ ഇവിടെ കിടന്ന് നശിക്കുമ്പോഴാണ് സെക്ഷന്‍ പരിധിയില്‍ പലയിടത്തും പഴക്കം ചെന്ന ലൈനുകള്‍ പൊട്ടിവീഴുന്നത്. ഇവയില്‍ പലതും ഉപയോഗപ്രദമാണെങ്കിലും മേല്ക്കുമേല് സാധനങ്ങള്‍ കൊണ്ടിടുന്നതിനാല്‍ അവ തുരുമ്പെടുത്ത് നശിക്കുകയാണ്. സാധനങ്ങള്‍ കുന്നുകൂടിയതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും, പഞ്ചായത്ത് വക ടോയ്ലറ്റ് ബ്ലോക്കിലേക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. പരിസരം കാട് മൂടിയതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും വര്‍ധിച്ചു. ഇതുമൂലം വൈദ്യുതിവകുപ്പ് ഓഫീസിലേക്ക് പോലും കയറുക ബുദ്ധിമുട്ടാണ്. അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുവാനുള്ള തീരുമാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: