പെണ്‍കുട്ടികളുടെ 4000 മീറ്റര്‍ ടീം പെര്‍സ്യൂട്ടില്‍ സ്വര്‍ണ്ണം നേടിയ കേരളടീം
തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം കിരീടം ഉറപ്പിച്ചു. ഇന്ന് മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ കേരളം 62 പോയിന്റുമായി ഏറെ മുന്നില്‍. ഇന്നലെ ആന്‍ഡമാന്‍ നിക്കോബാറും കര്‍ണാടകയും രണ്ടു സ്വര്‍ണം വീതം നേടി.
കേരളത്തിനൊപ്പം മഹാരാഷ്ട്ര, സര്‍വീസസ്, റെയില്‍വേസ് എന്നീ ടീമുകളും ഓരോ സ്വര്‍ണം നേടി. മല്‍സരങ്ങളില്‍ നില മെച്ചപ്പെടുത്തിയ കര്‍ണാടക ഇപ്പോള്‍ 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 32 പോയിന്റുമായി മണിപ്പൂരാണ് മൂന്നാമത്. റെയില്‍വേസ് 31, ആന്‍ഡമാന്‍ നിക്കോബാര്‍ 29, സര്‍വീസസ് 28 എന്നീ ടീമുകളും തൊട്ടുപിന്നില്തന്നെയുണ്ട്.
ഇന്നലത്തെ മല്‍സരങ്ങളില്‍ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും നേടിയതോടെ ആറു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവും കേരളം സ്വന്തമാക്കി. 18 വയസ്സില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ സ്പ്രിന്റില്‍ ആന്‍ഡമാന്‍ നിക്കോബാറിന്റെ ഈസോ ശനിയാഴ്ച പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ചു.
പെണ്‍കുട്ടികളുടെ 4000 മീറ്റര്‍ ടീം പെര്‍സ്യൂട്ടില്‍ കേരളത്തിന്റെ സയനോര, അമൃത, കെസിയ, രജനി എന്നിവരടങ്ങിയ സംഘം സ്വര്‍ണം നേടി. 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 4000 മീറ്റര്‍ ടീം പെര്‍സ്യൂട്ടില്‍ അമൃത, നിചിത ലാല്‍, വിദ്യ ജി.എസ്, ഷഹാന എന്നിവരടങ്ങുന്ന കേരള ടീം വെള്ളി നേടിയപ്പോള്‍ മുതിര്‍ന്ന പെണ്‍കുട്ടികളുടെ സ്പ്രിന്റില്‍ കേരളത്തിന്റെ കെസിയ വര്‍ഗീസ് വെള്ളിയണിഞ്ഞു.
18 വയസ്സുള്ളവര്‍ക്ക് മുതിര്‍ന്നവരുടെയും 18ല്‍ താഴെ പ്രായമുള്ളവരുടെയും മല്‍സരത്തില്‍ പങ്കെടുക്കാമെന്ന വ്യവസ്ഥയില്‍ സ്വര്‍ണവും വെള്ളിയും നേടിയ വ്യത്യസ്ത ടീമുകളില്‍ അമൃതയ്ക്ക് ഉള്‍പ്പെടാനായി. 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ സ്പ്രിന്റില്‍ കേരളത്തിന്റെ നയന രാജേഷിന് വെങ്കലം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: