കോതമംഗലം: മഹാത്മാഗാന്ധി സര്‍വ്വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ പാലാ അല്‍ഫോണ്‍സാ കോളേജും പുരുഷ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജും ചാമ്പ്യന്മാര്‍.
വനിതാ വിഭാഗത്തില്‍ 11 സ്വര്‍ണ്ണവും 13 വെള്ളിയും 8 വെങ്കലവുമടക്കം 203 പോയിന്റ് നേടിയാണ് അല്‍ഫോണ്‍സ കോളേജ് കിരീടം നിലനിര്‍ത്തിയത്. 10 സ്വര്‍ണ്ണവും 7 വെള്ളിയും 12 വെങ്കലവുമടക്കം 189 പോയിന്റ് നേടിയ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് രണ്ടാം സ്ഥാനത്തും 2 സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടി 73 പോയിന്റുമായി കോതമംഗലം എംഎ കോളേജ് മൂന്നാമതും.
പുരുഷ വിഭാഗത്തില്‍ എംഎ കോളേജ് ഇത്തവണയും ഒരു വെല്ലുവിളിയും നേരിടാതെയാണ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 16 സ്വര്‍ണ്ണവും 14 വെള്ളിയും 6 വെങ്കലവുമടക്കം 219 പോയിന്റ് എംഎ കോളേജ് നേടിയപ്പോള്‍ രണ്ടാമതെത്തിയ ചങ്ങനാശ്ശേരി എസ്ബി കോളേജിന് 3 സ്വര്‍ണ്ണവും നാല് വീതം വെള്ളിയും വെങ്കലവുമടക്കം 82 പോയിന്റ് മാത്രം. 1 സ്വര്‍ണ്ണവും രണ്ട് വെള്ളിയും 7 വെങ്കലവുമടക്കം 79 പോയിന്റുമായി പാലാ സെന്റ് തോമസ് മൂന്നാമത്.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെയും നാല് പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. വനിതകളുടെ 10000 മീറ്റര്‍, പോള്‍വോള്‍ട്ട്, 4-100 മീറ്റര്‍ റിലേ, പുരുഷന്മാരുടെ 10000 മീറ്റര്‍ എന്നിവയിലാണ് പുതിയ റെക്കോര്‍ഡുകള്‍ പിറന്നത്.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ നിലവിലെ സ്വര്‍ണ്ണജേതാവും റെക്കോര്‍ഡിനു ഉടമയുമായ സിഞ്ജു പ്രകാശിനെ അട്ടിമറിച്ച് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിന്റെ രേഷ്മ രവീന്ദ്രന്‍ റെക്കോര്‍ഡ് സ്വര്‍ണ്ണമണിഞ്ഞു. 3.45 മീറ്റര്‍ ഉയരത്തിലേക്ക് പോള്‍ കുത്തി രേഷ്മ കുതിച്ചപ്പോള്‍ സിഞ്ജുവിന്റെ പേരിലുണ്ടായിരുന്ന 3.40 മീറ്ററിന്റെ റെക്കോര്‍ഡ് പഴങ്കഥ. വെള്ളി നേടിയ സിഞ്ജു 3.40 മീറ്റര്‍ ചാടി തന്റെ റെക്കോര്‍ഡിനൊപ്പമെത്തി.
10000 മീറ്ററില്‍ ചങ്ങനാശ്ശേരി അസംപ്ഷന്റെ യു. നീതു 36:45.56 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2009-ല്‍ പാലാ അല്‍ഫോണ്‍സാ കോളേജിന്റെ പി.എം. സിനിമോള്‍ സ്ഥാപിച്ച 37.2.30 സെക്കന്റിന്റെ റെക്കോര്‍ഡാണ് നീതു തിരുത്തിയത്. പുരുഷന്മാരുടെ ഇതേയിനത്തില്‍ കോതമംഗലം എംഎ കോളേജിന്റെ ഷെറിന്‍ ജോസ് 32:08.50 സെക്കന്റില്‍ ഓടിയെത്തിയാണ് പുതിയ റെക്കോര്‍ഡിന് അവകാശിയായത്. ഷെറിന്റെ കുതിപ്പില്‍ പഴങ്കഥയായത് 19 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്. 1997-ല്‍ ചങ്ങനാശ്ശേരി എസ്ബി കോളേജിന്റെ അനില്‍ലാല്‍. സി.ആര്‍ സ്ഥാപിച്ച 32 മിനിറ്റ് 26.10 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഷെറിന്‍ തകര്‍ത്തത്.
വനിതകളുടെ 4-100 മീറ്റര്‍ റിലേയില്‍ 47.94 സെക്കന്റിലാണ് ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിനായി ട്രാക്കിലിറങ്ങിയ മഞ്ജു. കെ, ആര്യ. ടി.എസ്, സൗമ്യ വര്‍ഗ്ഗീസ്, റേഷ്മ സാബു എന്നിവരടങ്ങിയ ടീം റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്.
















