പാലക്കാട് ജില്ലാ ടീമിന് മന്ത്രി കെ.ടി. ജലീല്‍ ട്രോഫി സമ്മാനിക്കുന്നു
തേഞ്ഞിപ്പലം (മലപ്പുറം): കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ നടന്ന അറുപതാമത് സംസ്ഥാന കായികോത്സവ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സര്‍വകലാശാല സെമിനാര്‍ കോംപ്ലക്സില്‍ നടന്ന സമ്മാനദാന ചടങ്ങ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. മൂന്ന് വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ച പാലക്കാട് ജില്ലാ ടീം മന്ത്രിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി.
95 ഇനങ്ങളില്‍ നിന്നായി 28 സ്വര്‍ണവും 25 വെള്ളിയും 21 വെങ്കലവും നേടി 255 പോയിന്റോടെ കിരീടം ചൂടിയ പാലക്കാടിനാണ് മന്ത്രി ട്രോഫി സമ്മാനിച്ചത്. രണ്ടാമതെത്തിയ എറണാകുളം ജില്ലക്കും മന്ത്രി ട്രോഫി സമ്മാനിച്ചു. ഈ മാസം ആറിന് സര്‍വ്വകലാശാല സ്റ്റേഡയിത്തിലെ സിന്തറ്റിക് ട്രാക്കില്‍ സംസ്ഥാന കായികോത്സവം സമാപിച്ചെങ്കിലും തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് സമാപന ചടങ്ങും സമ്മാനദാന ചടങ്ങും സംസ്ഥാന സര്‍ക്കാറിന്റെ ദുഖാചരണം പ്രമാണിച്ച് മാറ്റിവയ്ക്കുകയായിരുന്നു.
മികച്ച സ്കൂളിനുള്ള ട്രോഫി കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ ടീം ഏറ്റുവാങ്ങി. 14 സ്വര്‍ണം അടക്കം 117 പോയിന്റോടെയാണ് മാര്‍ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി എച്ച്.എസ്.എസ് കുമരംപുത്തൂര്‍ 15 സ്വര്‍ണം അടക്കം 102 പോയിന്റുമായി രണ്ടാം സ്ഥാനത്തിനുള്ള ട്രോഫിയ്ക്കും അര്‍ഹരായി.
കായികോത്സവത്തില്‍ മികച്ച നേട്ടം കൈവരിച്ച സ്കൂളുകള്‍ക്കും വ്യക്തിഗത നേട്ടങ്ങള്‍ ഉണ്ടാക്കിയവര്‍ക്കും കഴിഞ്ഞ വര്‍ഷം കായികമേളയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡും മന്ത്ര കൈമാറി. ചടങ്ങില്‍ സംഘാടക സമിതി ചെയര്മാന് പി.അബ്ദുല്‍ ഹമീദ് എംഎല്‍എ അധ്യക്ഷനായി. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി.എന്‍ അബ്ദുല്‍ മജീദ്, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, കെ. വിശ്വനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി. മോഹന്‍കുമാര്‍ കായികോത്സവ അവലോകനം നടത്തി. പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. സഫറുള്ള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: