വിശാഖപട്ടണം: തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ ഇന്നിങ്ങ്സില്‍ കര്‍ണ്ണാടക വെറും 88 റണ്‍സിന് പുറത്ത്. തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്സ് ആരംഭിച്ച തമിഴ്നാട് ആദ്യ ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സുമായി ദിനേശ് കാര്‍ത്തികും മൂന്ന് റണ്ണുമായി അഭിനവ് മുകുന്ദും ക്രീസില്‍. ആറ് വിക്കറ്റുകള്‍ കയ്യിലിരിക്കെ 23 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് തമിഴ്നാട് സ്വന്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ 199 റണ്‍സ് നേടിയ ലോകേഷ് രാഹുലും ട്രിപ്പിള്‍ സെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം കരുണ്‍ നായരും ഉള്‍പ്പെട്ട കര്‍ണ്ണാടക ബാറ്റിങ്ങ്നിര പേസര്‍ അശ്വിന് ക്രിസ്റ്റിന്റെ തകര്‍പ്പന്‍ ബൗളിങ്ങിലാണ് തകര്‍ന്നുവീണത്. 13.1 ഓവറില്‍ 31 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് അശ്വിന് പിഴുതത്. 18 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടി. നടരാജന് അശ്വിന് മികച്ച പിന്തുണ നല്കി.
നാല് പേര് മാത്രം രണ്ടക്കം കടന്ന ഇന്നിങ്ങ്സില്‍ 28 റണ്‍സെടുത്ത മനീഷ് പാണ്ഡെ ടോപ് സ്കോറര്‍. ലോകേഷ് രാഹുല്‍ നാല് റണ്‍സിനും കരുണ്‍ നായര്‍ 14 റണ്‍സെടുത്തും പുറത്തായി. 14 റണ്‍സെടുത്ത വിനയ്കുമാര്‍, 11 റണ്‍സെടുത്ത രവികുമാര്‍ സമര്‍ത്ഥ് എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: