14 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ വ്യക്തിഗത പെര്‍സ്യൂട്ടില്‍ വെള്ളിനേടിയ എം.അനഘ
തിരുവനന്തപുരം: ദേശീയ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 42 പോയിന്റോടെ കേരളം മുന്നില്‍തന്നെ തുടരുന്നു. 30 പോയിന്റുമായി മണിപ്പൂര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഇന്നലത്തെ മത്സരത്തില്‍ മൂന്നു സ്വര്‍ണവും ഒരു വെങ്കലവും നേടിയ കര്‍ണാടക 20 പോയിന്റ് നേടി മൂന്നാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
ഇന്നലെ നടന്ന മത്സരങ്ങളില്‍ ദേശീയ റെക്കോഡ് ഉള്‍പ്പെടെ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും കേരളം നേടി. ഇതോടെ കേരളത്തിന് അഞ്ചു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവും ലഭിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ മാത്രം 6 ദേശീയ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചു.
വ്യക്തിഗത പെര്‍സ്യൂട്ട് മത്സരങ്ങള്‍ക്കാണ് കാര്യവട്ടം എല്‍എന്‍സിപിഇ വെലോഡ്രോം ഇന്നലെ സാക്ഷ്യം വഹിച്ചത്. 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ അമൃത രഘുനാഥ് ദേശീയ റെക്കോഡോടെ (02.46.953 സെക്കന്റ്) സ്വര്‍ണ്ണം നേടി. 2013-ല്‍ മണിപ്പൂരിന്റെ ബിദ്യലക്ഷ്മിയുടെ 02.52.074 എന്ന റെക്കോഡാണ് അമൃത തിരുത്തിക്കുറിച്ചത്. 14 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കേരളത്തിന്റെ എം. അനഘ വെള്ളി നേടി.
16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കര്‍ണ്ണാടകയുടെ വെങ്കപ്പ കെങ്ങലാഗുട്ടി ദേശീയ റെക്കോഡോടെ സ്വര്‍ണ്ണം നേടി. ഇതേ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ മത്സരത്തില്‍ കര്‍ണ്ണാടകയുടെ ദനമ്മ ചിഞ്ചകാന്ദി ദേശീയ റക്കോഡോടെ സ്വര്‍ണ്ണമണിഞ്ഞു. മധ്യപ്രദേശിന്റെ എന്‍.അനിത വെള്ളിയും ആസാമിന്റെ ബ്രിസ്ടി കോംങ്ങ് കോനാ ഗോകോയ് വെങ്കലും കരസ്ഥമാക്കി.
18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കര്‍ണ്ണാടകയുടെ രാജുബാട്ടിയും റെക്കോഡോടെ പൊന്നണിഞ്ഞു. മഹാരാഷ്ട്രയുടെ സച്ചിന്ദേശായി വെള്ളിയും രാജസ്ഥാന്റെ മേകാ ഗുഗാഡ് വെങ്കലവും നേടി. ഇതേവിഭാഗം പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ പഞ്ചാബിന്റെ പര്‍ദീപ് കൗര്‍ വെള്ളിയും കര്‍ണ്ണാടകയുടെ മേഖാഗുഗാഡ് വെങ്കലവും കരസ്ഥമാക്കി.
14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ രാജസ്ഥാന്റെ മാന്ന് സിംഗ് ചാന്ദി ദേശീയ റെക്കോഡോടെ സ്വര്‍ണ്ണവും മണിപ്പൂരിന്റെ എലന്ഗമ്പം ലഞ്ചന്‍ബ വെള്ളിയും മണിപ്പൂരിന്റെ തന്നെ റോമാള്ഡോ ലയ്റ്റോഞ്ചം വെങ്കലവും നേടി. ഇതേ വിഭാഗത്തിലെ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പുതിയ റെക്കോഡുമായി മഹാരാഷ്ട്രയുടെ പ്രിയങ്ക ജദ്ദാവ് സ്വര്‍ണ്ണമണിഞ്ഞു. ആസാമിന്റെ ചയനിക ഗോകോയിക്കാണ് വെങ്കലം. 4000 മീ. മെന്‍ എലൈറ്റില്‍ എസ്എസ്സിബിയുടെ മഞ്ചിത് സിംഗ് സ്വര്‍ണ്ണവും ആര്‍എസ്പിബിയുടെ മനോഹര്‍ലാല്‍ വെള്ളിയും എസ്എസ്സിബിയുടെ തന്നെ പി.ആര്. ബിസ്നോയ് വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: