ബര്‍ലിന്‍ : ബര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്ക് ലോറി ഇടിച്ചുകയറ്റി ആക്രമണം നടത്തിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. ടുണിഷ്യന്‍ പൗരനായ 23കാരന് അനിസ് അമരി എന്ന ആളുടെ ചിത്രമാണ് ബര്‍ലിന്‍ പോലീസ് പുറത്തുവിട്ടത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ചു. അക്രമി ആയുധധാരിയാണെന്ന മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കായി പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
അതിനിടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. തീവ്രവാദ ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അനിസ് അമരിക്ക് ഐഎസുമായുള്ള ബന്ധം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല
നേരത്തെ ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ട്രക്ക് തട്ടിയെടുത്ത അക്രമി ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തുകയായിരുന്നു. സെന്‍ട്രല്‍ ബെര്‍ലിനില്‍ രണ്ടാം ലോക യുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിന് സമീപമായിരുന്നു സംഭവം.
സമാനമായ രീതിയില്‍ കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 86 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: