വേറിട്ടചിന്തകള്ക്കു പരിഗണന നല്കുന്ന ഒരു മാധ്യമ അവതാരക, തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലില്‍ ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നില്ക്കാത്തവര്ക്കെതിരായി പോലീസ് കേസെടുത്തതിനെ വിമര്‍ശിച്ച് ചോദിക്കുകയുണ്ടായി, ദേശീയത ഇങ്ങനെ അടിച്ചേല്‍പ്പിക്കേണ്ടതാണോ? ഇവരെന്തുകൊണ്ട് ഈ ചോദ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചില്ല? ദേശീയപതാകയേയും ദേശീയഗാനത്തേയും ആദരിക്കേണ്ടത് എല്ലാ പൗരന്മാരുടേയും പ്രാഥമിക കടമയാണെന്ന് നിഷ്കര്‍ഷിക്കുന്ന ഭരണഘടനയെ നാളിതുവരെ എന്തുകൊണ്ട് ചോദ്യംചെയ്തില്ല?
സന്താനങ്ങള്‍, തങ്ങളുടെ മാതാപിതാക്കളെ ആദരിക്കണമെന്നും, വാര്ദ്ധക്യത്തിലവരെ സംരക്ഷിക്കണമെന്നും എല്ലാ വിശ്വാസ സംഹിതകളും ആഹ്വാനം ചെയ്യുന്നുണ്ട്.
എന്നിരുന്നാലും വയസ്സായ അമ്മയേയും അച്ഛനേയും ഗുരുവായൂരിലോ മറ്റു ക്ഷേത്ര സന്നിധികളിലോ നടതള്ളുന്ന സംഭവങ്ങളും വാര്‍ത്തയാകുന്നുണ്ട് . അതുകൊണ്ടുതന്നെയാണ് വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണെന്ന് നിയമംമൂലം അനുശാസിക്കുന്നത്. നിയമലംഘനമുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്ക് നിയമത്തിന്റെ സംരക്ഷണം ആവശ്യപ്പെടാം. എല്ലാ സന്താനങ്ങളും ധര്മ്മാനുഷ്ഠാക്കളായിരുന്നുവെങ്കില് ഇത്തരമൊരു നിയമത്തിനു പ്രസക്തിയില്ലാതെ പോയേനെ. പക്ഷേ പ്രായോഗികതലത്തില്‍, മനുഷ്യന്റെ സ്വാര്‍ത്ഥത, അവനെ വഴിതെറ്റിച്ച് അധര്‍മ്മത്തിലേക്ക് നയിക്കുമെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്. അത്തരമൊരു പതനം ഒഴിവാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം.
അവതാരകയുടെ ചോദ്യത്തിനുള്ള ഉത്തരവും ഇതുതന്നെ. 42-ാമത് ഭരണഘടനാ ഭേദഗതിവരെ മൗലിക കടമകള്‍ ഭരണഘടനയിലുണ്ടായിരുന്നില്ല. ഭരണഘടനാ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിച്ചത് എല്ലാ പൗരന്മാരും രാഷ്ട്രത്തോടു കൂറുള്ളവരും രാഷ്ട്രപ്രതീകങ്ങളെ ആദരിക്കുന്നവരുമായിരിക്കും എന്നാണ്. പക്ഷേ ഏകദേശം കാല്‍നൂറ്റാണ്ടു കഴിഞ്ഞപ്പോള്‍ അതാവശ്യമായിവന്നു. അങ്ങനെയാണ് 51 എ എന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. “വേറിട്ട ചിന്തകരല്ലാത്ത സാധാരണക്കാര്‍ക്ക് ഇങ്ങനെയൊരു വകുപ്പിന്റെ ആവശ്യമില്ല. കാരണം അവര്‍ പ്രാഥമിക വിദ്യാഭ്യാസംതൊട്ട് സ്കൂള്‍ അസംബ്ലികളിലും മറ്റു പൊതുപരിപാടികളിലും ദേശീയഗാനമാലപിച്ചും ദേശീയ പ്രതീകങ്ങളെ ആദരിച്ചും വളര്‍ന്നവരാണ്.
പ്രശ്നം സാര്‍വ്വദേശീയത എന്ന വേറിട്ട ചിന്താഗതിക്കാര്‍ക്കാണ്. അവര്‍ “ജനനം”എന്ന അവര്‍ക്കു തീര്‍ത്തും പങ്കില്ലാത്ത ഒരു അബദ്ധംകൊണ്ട് ഇന്ത്യക്കാരായതാണ്. എന്നിരുന്നാലും ഇന്ത്യക്കാരായതുകൊണ്ട് അവരെക്കൊണ്ട് ഇവിടുത്തെ നിയമങ്ങളെ അനുസരിപ്പിക്കേണ്ട ബാധ്യതയും രാഷ്ട്രത്തിനുണ്ട്. അതുകൊണ്ട് നിര്‍ബന്ധിക്കേണ്ടി വരുന്നു. പൗരധര്‍മ്മം അവര്‍ക്കറിയില്ലെങ്കില്‍ അവരെ പഠിപ്പിക്കേണ്ടതായി വരുന്നു. തീര്‍ച്ചയായും ഇതൊരു ധര്‍മ്മസങ്കടം തന്നെയാണ്. പക്ഷെ രാഷ്ട്രഹിതത്തിന് എതിരായ, ബോധപൂര്‍വ്വമായ നിയമലംഘനം ചിന്തകരാണെങ്കിലും അനുവദിച്ചുകൂടാ.
ഈ “-വേറിട്ട ചിന്തകരില്‍”മാവോവാദികളും ഉള്‍പ്പെടുന്നു. ചൈനയുടെ ചെയര്‍മാനായിരുന്ന മാവോ ആഭ്യന്തരയുദ്ധത്തിലും, യുദ്ധം തൊഴിലാക്കിയ സംഘത്തലവന്മാരുടെ കലഹങ്ങളാലും നാശോന്മുഖമായ ചൈനയെ വിപ്ലവത്തിലൂടെ ഏകീകരിച്ച് ശക്തിപ്പെടുത്തുകയാണുണ്ടായത്. നിസ്സഹായരായ തിബത്തിന്റെമേല്‍ ആധിപത്യമുറപ്പിച്ചതും ആ നാട്ടിലും സിങ്കിയാംഗിലും ഹാന്‍വംശജരെ കുത്തിനിറച്ച് ജനതകളുടെ ദേശീയത തന്നെ ഇല്ലാതാക്കിയതും ചരിത്രയാഥാര്‍ത്ഥ്യങ്ങളാണ്. സാംസ്കാരിക വിപ്ലവം എന്ന റോഡ്റോളര്കൊണ്ട് മാവോ അടിച്ചമര്‍ത്തിയത് വേറിട്ട ചിന്തകരെ മാത്രമല്ല, തനതായ, പുരാതനമായ സംസ്കാരം പേറുന്ന ജനതയെതന്നെയാണ്.
ക്രിസ്തുവിനു രണ്ടു നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, ചിന് ചക്രവര്‍ത്തി പ്രഭുക്കളുടെ ഭരണം അവസാനിപ്പിച്ച്, ചരിത്രത്തിലാദ്യമായി സാമ്രാജ്യം സ്ഥാപിച്ചപ്പോള്‍, “ഹാന്‍ വംശക്കാരുടെ ലിപികളിലല്ലാത്ത, എല്ലാ ഗ്രന്ഥങ്ങളും തീയിട്ടു നശിപ്പിക്കുകയാണുണ്ടായത്. അങ്ങനെ മംഗോളിയന്‍ കുന്നുകളുടെ താഴ്വാരങ്ങളില് കഴിഞ്ഞിരുന്ന ഹാന്‍ വംശക്കാരുടെ ആധിപത്യം തുടങ്ങി. മധ്യദേശംഅഥവാ “കാത്ഥേ” എന്നറിയപ്പെട്ടിരുന്ന യഥാര്‍ത്ഥ ചൈനീസ് സംസ്കാരവും അവന്റെ ഭാഷയും അപ്രത്യക്ഷമായി. മാവോ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കുശേഷം, ആ പ്രക്രിയ ആവര്‍ത്തിച്ചു. പെക്കിംഗ് യൂണിവേഴ്സിറ്റി അടക്കമുള്ള സര്‍വ്വകലാശാലകളിലെ ഗ്രന്ഥശേഖരങ്ങള്‍ തീയിട്ടുനശിപ്പിച്ചു. എതിരാളികളെ വകവരുത്തി. റെഡ്ഗാര്‍ഡ് എന്നറിയപ്പെടുന്ന മാവോയുടെ വിപ്ലവ പോരാളികളാല്‍ ചൈനയുടെ സാംസ്കാരിക പൈതൃകം വേട്ടയാടപ്പെട്ടു.
വിയറ്റ്നാം മാത്രം മാവോയുടെ പിടിയിലൊതുങ്ങിയില്ല. കാരണം, അമേരിക്കന്‍ ആധിപത്യത്തോട് പൊരുതുമ്പോഴും, ഹോചിമിന്‍, വിയറ്റ്നാമീസ് ദേശീയത കാത്തുസൂക്ഷിച്ചു. അമേരിക്കയുടെ തണലില്‍, തായ്വാനും തെക്കന്‍ കൊറിയയും പിടിച്ചുനിന്നപ്പോള്‍, ദലൈലാമക്ക് ഇന്ത്യയിലഭയം തേടേണ്ടിവന്നു. കാരണം ചൗഎന്‍ലായ് എന്ന സുഹൃത്തിന്റെ വാക്കുകേട്ട് നെഹ്രു തിബത്തിനെ കയ്യൊഴിഞ്ഞിരുന്നു. മറ്റു ദേശീയതകളെ ഉന്മൂലനം ചെയ്തു, രാഷ്ട്രങ്ങളെ വെട്ടിപ്പിടിക്കുന്നത് സാമ്രാജ്യത്വവാദംതന്നെയാണ്. അതുചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ചൈനയാണെങ്കിലും അമേരിക്കയാണെങ്കിലും ഒരുപോലെ നിന്ദനീയം തന്നെ. ഈ ചെയര്‍മാനെ ആദരിക്കുന്ന, തോക്കിന്‍കുഴലിലൂടെ വിപ്ലവം പ്രതീക്ഷിക്കുന്ന “-വേറിട്ട ചിന്തയാണോ-”നമ്മള് അനുവദിക്കേണ്ടത്.
ഇവര്‍ സ്തുതിപാടുന്ന, ജനകീയ ചൈനയില്‍ ഇംഗ്ലീഷുകാരനായ ഒരു പത്രപ്രവര്ത്തകന് രണ്ടുവര്‍ഷത്തോളം തടവില്‍ കഴിയേണ്ടി വന്നു. നോര്മ്മന് ബാരിമൈന് എന്ന ഇയാളുടെ ഓര്‍മ്മക്കുറിപ്പുകളില്‍ ചീനക്കാരുടെ തീവ്രദേശീയതയെ പരാമര്‍ശിക്കുന്നുണ്ട്. പ്രത്യേകിച്ച് സാംസ്കാരിക വിപ്ലവം സമയത്തെ ചീനക്കാരുടെ സ്വഭാവം വിവരിക്കുന്നതിങ്ങനെയാണ്:
They can easily be whipped up in ma-ss hysteria. And they have a strong sadistic streak which found an outlet in the excesses, The cultural revolution”
(അവരെ നിഷ്പ്രയാസം കൂട്ടത്തോടെ പ്രക്ഷുബ്ദരാക്കാം. അവരില്‍ മറ്റുള്ളവരെ ദ്രോഹിക്കുവാനുള്ള ഒരു വാസന പ്രബലമാണ്. സാംസ്കാരിക വിപ്ലവത്തിലുണ്ടായ അതിക്രമങ്ങളില്‍ അത് പ്രകടമായി (പേജ് അഞ്ച്, ദ ടൈം ബോംബ്). ചീനക്കാരന്റെ തീവ്രദേശീയവാദത്തിന് ഒരു ഉദാഹരണം പറയാം.
കെ.പി.എസ്മേനോന്‍, ബ്രിട്ടീഷ് ഭരണകാലത്ത്, ചീനയില്‍ ഇന്ത്യയുടെ ഏജന്റ് ജനറലായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഒരുദിവസം പരാതിയുമായി എത്തി. സ്കൂളിലെ ചൈനീസ് കൂട്ടുകാരികള്‍ ഇന്ത്യ പുരാതനകാലത്ത് ചൈനയുടെ ഭാഗമായിരുന്നു എന്നുപറയുന്നു. ഭാഗ്യവശാല്‍ ചീനക്കാരനായ ചരിത്രാദ്ധ്യാപകന്‍ അതിഥിയായിട്ടുണ്ടായിരുന്നതുകൊണ്ട് യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊടുക്കുവാന്‍ കഴിഞ്ഞു എന്ന് മേനോന് അനുസ്മരിക്കുന്നുണ്ട്. ദേശസ്നേഹം വളര്‍ത്തുന്നതിനു വേണ്ടിയായിരിക്കാം, കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഇത്തരം അയഥാര്‍ത്ഥ്യങ്ങള്‍ കുത്തിനിറക്കുന്നത.് പക്ഷേ അതുകൊണ്ട് ഒരുതലമുറതന്നെ ദേശസ്നേഹികളെന്നതിലേറെ മറ്റു ദേശീയതകളെയും, സംസ്കാരങ്ങളെയും നികൃഷ്ടമായി കാണുന്നവരായി മാറി. ആ ചൈനയുടെ നേതാവായിരുന്നു മാവോസേതുങ്ങ്. 1962 വരെ ചൈനീസ് പ്രേമിയായിരുന്ന നെഹ്രു, ഏതെങ്കിലും സാമന്തരാജ്യങ്ങളില്നിന്നു വന്ന സന്ദര്‍ശകനെപ്പോലെയാണ് മാവോ സേതുങ്ങ് തന്നെ സ്വീകരിച്ചത് എന്നു വ്യക്തമാക്കിയതായി രേഖകളുണ്ട്. അതുകൊണ്ട് “വേറിട്ട ചിന്തകരല്ലാത്ത സാധാരണ ഭാരതീയര്‍ക്ക്, മാവോവാദംതന്നെ അസഹനീയമാണ്.
അടിത്തട്ടിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടിയുള്ള വേറിട്ടചിന്തകള്‍”സ്വാഗതാര്‍ഹമാണ്. പക്ഷേ ചിന്തകള്‍ ദുഷിച്ച്, മുള്‍ച്ചെടികളായി, ദേശീയതയുടെ തണലില്‍ കഴിയുന്ന സാധാരണക്കാരെ കുത്തിനോവിക്കുന്നതായിരിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: