സാന്റിയാഗോ: സ്വകാര്യപരിപാടിയില്‍, നഗ്നമായ പാവയെ സമ്മാനമായി വാങ്ങി ചിലി ധനമന്ത്രി ലൂയിസ് സെസ്പഡസ് പൊല്ലാപ്പിലായി. തലസ്ഥാനമായ സാന്റിയാഗോയില്‍ കയറ്റുമതിക്കാരുടെ സംഘടന അസക്‌സ്മാ സംഘടിപ്പിച്ച പരിപാടിയിലാണ് വായ മൂടിയ നഗ്നമായ പാവയെ നല്‍കിയത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ എന്നാണ് വായില്‍ ഒട്ടിച്ച കടലാസില്‍ എഴുതിയിരുന്നത്.
മന്ത്രി ചിരിയോടെ അത് സ്വീകരിക്കുകയും ചെയ്തു. ഇത്തരമൊരു സമ്മാനം അതും ചിരിച്ചുകൊണ്ട് ഏറ്റുവാങ്ങിയത് വലിയ വിവാദമായി. പ്രമുഖരടക്കം ചിലിക്കാര്‍ ശക്തമായി ഇതിനെതിരെ പ്രതികരിച്ചു. ട്വിറ്ററിലും ഫേസ്ബുക്കിലും മന്ത്രിക്കെതിരെ രോഷപ്രകടനം നിറയുന്നു.
ജനരോഷമറിഞ്ഞ് മന്ത്രി മാപ്പു പറഞ്ഞെങ്കിലും അതൊന്നും ജനം ഗൗനിച്ചിട്ടില്ല. ‘അയ്യേ, നാണക്കേടേയെന്നു’ പറഞ്ഞുള്ള സന്ദേശങ്ങള്‍ തലങ്ങും വിലങ്ങും ഇപ്പോഴും പായുന്നു. മറ്റ് അതിഥികള്‍ക്കും സമ്മാനം ലഭിച്ചെങ്കിലും ഇത്തരമൊന്നല്ല.
















