കാലിഫോര്‍ണിയ: ഇന്റർനെറ്റ് ഭീമന്മാരായ യാഹുവിന്റെ നൂറു കോടി യൂസര്‍മാരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. 2013ല്‍ നടന്ന ഹാക്കിംഗിന്റെ വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്.
ആളുകളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, പാസ് വേര്‍ഡുകള്‍, ഇ-മെയില്‍ വിവരങ്ങള്‍, സുരക്ഷാ ചോദ്യങ്ങള്‍ എന്നിവ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായാണ് വിവരം. 2014ല്‍ 50 കോടി യാഹു അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നു കമ്പനി സെപ്റ്റംബറില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചോര്‍ത്തല്‍ സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി യാഹു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവയിലില്ലെന്നും കമ്പനി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായും യാഹു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
















