മഞ്ചേരി: കര്‍മ്മം കൊണ്ട് ബ്രാഹ്മണ്യം സ്വന്തമാക്കി സേവനരംഗത്ത് സമൂഹത്തിന് തന്നെ മാതൃകയായി മാറിയ അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ എം.സി.കൃഷ്ണന്‍കുട്ടി. മൂന്ന് തലമുറകളില്‍പ്പെട്ട ബാലഗോകുലാംഗങ്ങള്‍ക്ക് ഗുരുസ്ഥാനിയനായ ഇദ്ദേഹം പ്രായഭേതമന്യേ എല്ലാവരോടും സ്‌നേഹാര്‍ദ്രഭാവത്തോടെയാണ് ഇടപഴകിയിരുന്നത്. അതുകൊണ്ട് തന്നെയാണ് എം.സി.കൃഷ്ണന്‍കുട്ടിയെന്ന വ്യക്തി ജനമനസ്സുകള്‍ കീഴടക്കിയതും. സംഘപ്രസ്ഥാനം അദ്ദേഹത്തിന് കുടുംബത്തിന് തുല്യമായിരുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖാ മുഖ്യശിക്ഷക് മുതല്‍ ജില്ലാ വ്യവസ്ഥാപ്രമുഖ് വരെയുള്ള ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പോസ്റ്റല്‍ വകുപ്പിലായിരുന്നു ഔദ്യോഗിക ജീവിതം. ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചതും എം.സി.കൃഷ്ണന്‍കുട്ടിയായിരുന്നു. ഏറെ കാലം സംഘടനയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. ഇതിനിടയിലും ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദകാലമായി ബാലഗോകുലം ജില്ലാ നേതൃനിരയിലുണ്ടായിരുന്നു.
ശ്മശാന കമ്മറ്റി ട്രഷറര്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മറ്റിയംഗം, ഏറനാട് വിദ്യാനികേതന്‍ പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഏകാദശി നാളില്‍ തങ്ങളുടെ പ്രിയപ്പെട്ട കൃഷ്ണന്‍കുട്ടിയേട്ടന്‍ വിട്ടുപിരിഞ്ഞതിന്റെ ദുഖത്തിലാണ് പ്രവര്‍ത്തകരും നാട്ടുകാരും.
















