കണ്ണൂര്‍: കേരള പൊലീസ് ഫിസിക്കല്‍ റഗുലേഷന്‍ ആക്ട് 2000 കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ഓള്‍ കേരള കരാത്തെ അസോസിയേഷന്‍. കരാത്തെ അഭ്യാസവുമായി ദീര്‍ഘകാലം ഒരു ബന്ധവുമില്ലാതിരുന്ന നിരവധിപേര്‍ പുതുതായി കരാത്തെ രംഗത്ത് വരുന്നുണ്ടെങ്കിലും ഇവരില്‍ പലര്‍ക്കും കരാത്തെ പരിശീലകരാകാനുള്ള അടിസ്ഥാന യോഗ്യതയില്ലെന്നതുമാണ് വസ്തുത. ഇത്തരക്കാരില്‍ പലരും പണം നല്‍കി ചില കരാത്തെ സ്‌കൂളുകളില്‍ നിന്നും അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ബ്ലാക്ക് ബെല്‍റ്റ് സര്‍ട്ടിഫിക്കറ്റുകളും തട്ടിക്കൂട്ടി പൊലീസില്‍ നിന്നും പെര്‍മിഷന്‍ നേടുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരക്കാരെ തടയാന്‍ പൊലീസ് അനുമതി നല്‍കുമ്പോള്‍ സൂക്ഷ്മ പരിശോധന നടത്തണം. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പ്രഭാകരന്‍ നാമത്ത്, ഡോ.വി.സി.സുരേഷ്‌മേനോന്‍, പി.കെ.ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
















