ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സഞ്ചരിച്ച വിമാനത്തില്‍ ഇന്ധനം ഇല്ലെന്ന് അറിയിച്ചിട്ടും ലാന്‍ഡിങിന് അനുമതി വൈകിപ്പിച്ചതിനെക്കുറിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു അറിയിച്ചു.
എന്തുകൊണ്ടാണ് മമത സഞ്ചരിച്ച വിമാനമടക്കം മൂന്നു വിമാനങ്ങളില്‍ ഇന്ധനം കുറഞ്ഞുപോയതെന്ന് അന്വേഷിക്കുമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രവ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയും പാര്‍ലമെന്റിനെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മമത സഞ്ചരിച്ച വിമാനത്തിന് കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് അനുമതി നല്‍കുന്നത് വൈകിപ്പിച്ചത്. ബുധനാഴ്ച രാത്രി ഏഴരയ്‌ക്ക് പാട്‌നയില്‍ നിന്ന് പുറപ്പെട്ട വിമാനം എട്ടരയ്‌ക്ക് കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടതായിരുന്നു.
ഇന്ധനം കുറവാണെന്നും എത്രയും പെട്ടെന്ന് ലാന്‍ഡിങ്ങിനുള്ള അനുമതി നല്‍കണമെന്നും പൈലറ്റ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍, അരമണിക്കൂറിനു ശേഷം മാത്രമാണ് ഇറങ്ങാന്‍ പൈലറ്റിന് അനുമതി ലഭിച്ചത്.
















