ചേര്‍ത്തല: കായികമേളയില്‍ തുടര്‍ച്ചയായി ഒന്‍പതാം തവണയും ചാരമംഗലം ഡിവിഎച്ച്എസിന് ആധിപത്യം. റവന്യു ജില്ലയില്‍ സ്‌കൂളുകളുടെ വിഭാഗത്തില്‍ പോയിന്റ് നേടിയാണ് സ്‌കൂള്‍ കിരീടം നിലനിര്‍ത്തിയത്. സംസ്ഥാന അവാര്‍ഡ് ജേതാവും സ്‌കൂളിലെ കായിക അദ്ധ്യാപകനുമായ കെ.കെ. പ്രതാപന്റെ നേതൃത്വത്തിലാണ് മികവാര്‍ന്ന നേട്ടം കൈവരിച്ചത്.
സ്‌കൂളിലെ രണ്ട് കുട്ടികളാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഇരുപത്തിമൂന്നു കുട്ടികളാണ് സ്‌കൂളിനെ പ്രതിനിധീകരിച്ച് മേളയില്‍ മാറ്റുരച്ചത്. സീനിയര്‍ വിഭാഗത്തില്‍ എസ്. ഹരിത, യു. ആദിത്യ എന്നിവരാണ് വ്യക്തിഗത ചാമ്പ്യന്‍മാരായത്. കഴിഞ്ഞ തവണ നാല് പേര്‍ക്ക് ചാമ്പ്യന്‍പട്ടം കിട്ടിയിരുന്നു.
സ്‌കൂളിലെ അഞ്ച് പ്രമുഖ താരങ്ങള്‍ വിശാഖ പട്ടണത്ത്് നടക്കുന്ന ഇന്റര്‍ ഡിസ്ട്രിക്ട് നാഷണല്‍ മീറ്റില്‍ പങ്കെടുക്കുകയാണ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ദിവസവും കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ.എച്ച്എസ്എസിലെ റിട്ട.കായിക അദ്ധ്യാപകനും പ്രതാപന്റെ ഗുരുവുമായ ആര്‍. ശശി, ഒളിമ്പ്യന്‍ മനോജ്‌ലാല്‍ എന്നിവരും കുട്ടികളെ പരിശീലിപ്പിക്കാന്‍ ഗ്രൗണ്ടില്‍ എത്താറുണ്ട്. കഴിഞ്ഞ ഇരുപത്തിയേഴു വര്‍ഷമായി ഈ സ്‌കൂളിലെ കായിക അദ്ധ്യാപകനായ പ്രതാപന്‍ ഇരുപത്തിനാലു തവണയും സ്‌കൂളിനെ വിജയത്തിലെത്തിച്ചു.
അവിസ്മരണീയ വിജയത്തിളക്കങ്ങള്‍ സ്‌കൂളിന് നേടിക്കൊടുത്ത ചാരിതാര്‍ത്ഥ്യത്തോടെ ഇദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കാനുള്ള തയാറെടുപ്പിലാണ്.















